പോപ്‌കോണിന്‍റെ ജിഎസ്‌ടി നിരക്ക് വർധിപ്പിച്ചോ, തീയറ്ററിൽ വില കൂടുമോ? വിശദീകരണവുമായി കേന്ദ്ര സർക്കാർ

By Web Team  |  First Published Dec 25, 2024, 7:19 PM IST

തിയറ്ററുകളിൽ പോപ്‌കോൺ വിൽപ്പന കൂടുതൽ ചെലവേറിയതാകുമോ? കേന്ദ്ര സർക്കാർ വിശദീകരണം ഇങ്ങനെ


പോപ്‌കോണിന് മൂന്ന് തരത്തിലുള്ള ജിഎസ്ടി നിരക്കുകൾ കഴിഞ്ഞ ദിവസം ചേര്‍ന്ന  ജിഎസ്ടി കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിൽ ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് അഞ്ച് ശതമാനം ജിഎസ്ടി ചുമത്താൻ നിർദ്ദേശിച്ചു. കൂടാതെ മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12 ശതമാനം ജിഎസ്ടിയും കാരാമൽ പോപ്‌കോണിന് 18 ശതമാനം നികുതിയും ഈടാക്കും. ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പോപ്‌കോണിന്‍റെ ജിഎസ്‌ടി നിരക്ക് വർധിപ്പിച്ചോ?

Latest Videos

undefined

അടുത്തിടെ നടന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ പോപ്‌കോണിന്‍റെ ജിഎസ്‌ടി നിരക്കിൽ വർധന വരുത്തിയിട്ടില്ല. ഉപ്പും മസാലകളും ചേർത്ത പോപ്‌കോൺ ഉൾപ്പെടുന്ന ഭക്ഷ്യവർഗീകരണവും ജിഎസ്‌ടി നിരക്കും വ്യക്തമാക്കാൻ ഉത്തർപ്രദേശിൽനിന്ന് അഭ്യർഥന ലഭിച്ചു. ഈ വിഷയം 55-ാമത് ജിഎസ്‌ടി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, ഇക്കാര്യം വ്യക്തമാക്കാൻ കൗൺസിൽ ശുപാർശ നൽകുകയുമായിരുന്നു. 

വ്യത്യസ്‌തതരം പോപ്‌കോണുകളുടെ നിരക്കിലെ വ്യത്യാസത്തിന്റെ അടിസ്ഥാനം എന്താണ്?

ലോക കസ്റ്റംസ് ഓർഗനൈസേഷൻ (WCO) വികസിപ്പിച്ചെടുത്ത വിവിധോദ്ദേശ്യ അന്താരാഷ്ട്ര ഉൽപ്പന്ന നാമകരണ പദ്ധതിയായ ഏകീകൃത സമ്പ്രദായ (HS) വർഗീകരണമനുസരിച്ചാണ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളും ജിഎസ്‌ടിക്കു കീഴിൽ തരംതിരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിലേർപ്പെട്ടിരിക്കുന്ന 98 ശതമാനത്തിലധികം വരുന്ന 200-ലധികം രാജ്യങ്ങൾ ഈ സമ്പ്രദായം ഉപയോഗിക്കുന്നു. എച്ച്എസ് സമ്പ്രദായത്തിലെ വിവിധ അധ്യായങ്ങൾക്കു കീഴിലുള്ള ഉൽപ്പന്നങ്ങളുടെ വർഗീകരണത്തിന്റെ അടിസ്ഥാനത്തിലാണു വ്യത്യസ്ത ജിഎസ്‌ടി നിരക്കുകൾ നിശ്‌ചയിക്കുന്നത്.

എച്ച്എസ് വർഗീകരണം അനുസരിച്ച്, പഞ്ചസാര ചേർത്ത മധുരപലഹാരങ്ങൾ 17-ാം അധ്യായത്തിൽ എച്ച്എസ് 1704-ന് കീഴിൽ വരുന്നു. ചില നിർദിഷ്ട ഇനങ്ങൾ ഒഴികെയുള്ള എല്ലാ മധുരപലഹാരങ്ങൾക്കും 18 ശതമാനം ജിഎസ്‌ടി ഈടാക്കുന്നു. ഇന്ത്യയിൽ, ഉപ്പ് ചേർത്ത ലഘു ഭക്ഷണങ്ങളെ എച്ച്എസ് 2106 90 99 പ്രകാരം തരംതിരിച്ചിട്ടുണ്ട്. മുൻകൂട്ടി പാക്കുചെയ്‌തതോ ലേബൽ ചെയ്തതോ അല്ലാത്ത രൂപത്തിൽ വിൽക്കുമ്പോൾ അഞ്ച് ശതമാനം ജിഎസ്‌ടിയും മുൻകൂട്ടി പാക്കുചെയ്‌തതും ലേബൽ ചെയ്തതുമായ രൂപത്തിൽ വിൽക്കുമ്പോൾ 12 ശതമാനം ജിഎസ്‌ടിയുമാണ് ഉപ്പ് ചേർത്ത ലഘുഭക്ഷണങ്ങൾക്ക് ഈടാക്കുന്നത്. ഉപ്പും മസാലകളും കലർത്തിയ ‘റെഡി ടു ഈറ്റ് പോപ്‌കോൺ’ ഏതു വർഗീകരണ വിഭാഗത്തിൽപ്പെടുമെന്ന തർക്കവിഷയം പരിഹരിക്കാനും വ്യക്തത വരുത്താനുമാണു കൗൺസിൽ ശുപാർശ ചെയ്തത്.

തിയറ്ററുകളിൽ പോപ്‌കോൺ വിൽപ്പന കൂടുതൽ ചെലവേറിയതാകുമോ?

സാധാരണയായി, പോപ്‌കോൺ തിയറ്ററുകളിൽ ഉപഭോക്താക്കൾക്ക് നൽകുന്നത് പാക്ക് ചെയ്യാത്ത നിലയിലാണ്. അതിനാൽ, സിനിമാശാലകളിൽ സ്വതന്ത്രമായി വിതരണം ചെയ്യുന്നിടത്തോളം കാലം ‘റെസ്റ്റോറന്റ് സേവനത്തിന്’ ബാധകമായ അഞ്ച് ശതമാനം നിരക്കാകും തുടർന്നും ഈടാക്കുക.

ബംഗ്ലാദേശ് അതിർത്തിയിൽ പോയി ഒളിച്ചാലും കേരള പൊലീസ് പിടിക്കും; സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!