പലിശ കുറയ്ക്കണമെന്ന് പീയൂഷ് ഗോയല്‍, അനവസരത്തില്‍ കുറച്ചാല്‍ അപകടമെന്ന് ആർബിഐ ഗവര്‍ണര്‍

By Web Team  |  First Published Nov 15, 2024, 12:11 PM IST

ഡിസംബര്‍ 4 മുതല്‍ ആരംഭിക്കുന്ന അടുത്ത ധനനയ അവലോകനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പീയൂഷ് ഗോയലിന്‍റെ പരാമര്‍ശം.


രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ത്വരിതപ്പെടുത്തുന്നതിന് റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. തൊട്ടുപിന്നാലെ സംസാരിച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പണപ്പെരുപ്പം തന്നെയാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ നിര്‍ണായകമെന്ന് വ്യക്തമാക്കി. അനവസരത്തില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഏതൊരു നീക്കവും 'വളരെ അപകടകരമാണ്' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഡിസംബര്‍ 4 മുതല്‍ ആരംഭിക്കുന്ന അടുത്ത ധനനയ അവലോകനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പീയൂഷ് ഗോയലിന്‍റെ പരാമര്‍ശം.

പണപ്പെരുപ്പ പ്രവണതകളെക്കുറിച്ച് സംസാരിച്ച ഗോയല്‍, ഡിസംബറോടെ വില കുറയുമെന്ന് ഉറപ്പുനല്‍കി. സ്വാതന്ത്ര്യത്തിന് ശേഷം മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം ആണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില്ലറ വില പണപ്പെരുപ്പം 4% ആയി കുറയുന്നത് വരെ കാത്തിരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കുന്ന പരോക്ഷ സൂചന. ഉപഭോക്തൃ വില സൂചിക ഒക്ടോബറില്‍ 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. പണപ്പെരുപ്പം ഒക്ടോബറില്‍ 6.21% ആയാണ് ഉയര്‍ന്നത്

Latest Videos

ഭക്ഷ്യവിലപ്പെരുപ്പത്തിന് പണപ്പെരുപ്പം നിയന്ത്രിക്കുന്നതുമായി യാതൊരു ബന്ധവുമില്ലെന്നും പണപ്പെരുപ്പം കണക്കാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ വിലക്കയറ്റം പരിഗണിക്കണോ എന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കേണ്ട സമയമാണിതെന്നും ഗോയല്‍ പറഞ്ഞു. കോവിഡ് സമയത്ത്, റിസര്‍വ് ബാങ്ക് വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുകയും ധാരാളം പണലഭ്യത ഉറപ്പാക്കുകയും ചെയ്തെന്നും പിന്നീട് പണപ്പെരുപ്പത്തിലേക്ക് ശ്രദ്ധ മാറ്റിയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം, പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ ഉപഭോഗം കുറയുന്ന പശ്ചാത്തലത്തില്‍,  ഈ നിലപാടുകള്‍ക്ക് പ്രാധാന്യമുണ്ട്.

click me!