എഫ്‌ഡി നേരത്തെ പിൻവലിക്കാൻ വരട്ടെ, കാര്യങ്ങൾ ഈസിയല്ല, ബാങ്കുകൾക്ക് നൽകേണ്ട പിഴ ഇതാണ്

By Web Team  |  First Published Nov 12, 2024, 1:36 PM IST

കാലാവധിക്ക് മുന്നെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നതിന് പ്രധാനപ്പെട്ട ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന പിഴ എത്രയാണ്?


സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ രാജ്യത്തെ മുൻനിര ബാങ്കുകൾ എന്നാൽ തന്നെ വലിയ പലിശയാണ് നൽകുന്നത്. എന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കേണ്ടി വന്നാലോ? നിക്ഷേപിക്കുന്നതിന് മുൻപ് ഈ തുകയെ കുറിച്ച് അറിഞ്ഞിരിക്കുന്നതും നല്ലതാണ്‌. 

പൊതുവെ കാലാവധിക്കു മുന്നെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപകരെ അനുവദിക്കുമെങ്കിലും ഇത്തരം അവസരങ്ങളില്‍ പിഴത്തുകയും ഈടാക്കാറുണ്ട്. പലിശ നിരക്കിന്റെ 0.5% മുതല്‍ 3% വരെയാണ് സാധാരണയായി പിഴയായി ചുമത്തുന്നത്. എന്നിരുന്നാലും ബാങ്കുകളുടെ തന്നെ മറ്റ് നിക്ഷേപ പദ്ധതികളിലേക്കാണ് പിന്‍വലിക്കുന്ന തുക ഇടുന്നതെങ്കില്‍ പിഴത്തുക ഒഴിവാക്കി നല്‍കാറുമുണ്ട്. ഇപ്പോള്‍ ഓണ്‍ലൈന്‍ മുഖേനയും എഫ്ഡി നിക്ഷേപം അവസാനിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കാലാവധിക്ക് മുന്നെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നതിന് പ്രധാനപ്പെട്ട ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന പിഴത്തുക ചുവടെ ചേര്‍ക്കുന്നു.

Latest Videos

undefined

എസ്ബിഐ- കാലാവധിക്ക് മുന്നെ 5 ലക്ഷം വരെയുള്ള സ്ഥിരനിക്ഷേപം പിന്‍വലിച്ചാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), 0.5 ശതമാനമാണ് പിഴപ്പലിശയായി ഈടാക്കുന്നത്. 5 ലക്ഷത്തിന് മുകളിലുള്ള എഫ്ഡി നിക്ഷേപങ്ങള്‍ നേരത്തെ പിന്‍വലിച്ചാല്‍ പിഴ 1 ശതമാനമായി ഉയരും. 7 ദിവസത്തില്‍ താഴെ മാത്രമുള്ള നിക്ഷേപങ്ങള്‍ക്ക് പലിശയൊന്നും നല്‍കില്ല.

പിഎന്‍ബി- ഏതു കാലയളവിലേക്കുള്ളതായാലും പൂര്‍ത്തിയാകുന്നതിന് മുന്നെ നിക്ഷേപം പിന്‍വലിച്ചാല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), 1 ശതമാനമാണ് പിഴപ്പലിശയായി ചുമത്തുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത നിരക്കില്‍ നിന്നും 1% താഴ്ത്തിയാകും പലിശ നല്‍കുക.

എച്ച്ഡിഎഫ്‌സി ബാങ്ക്- യഥാര്‍ത്ഥ കാലാവധിയിലേക്ക് വാഗ്ദാനം ചെയ്യപ്പെട്ടതിലും താഴ്ന്ന നിരക്കിലോ അടിസ്ഥാന നിരക്കിലോ ആകും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്നെ എഫ്ഡി നിക്ഷേപം പിന്‍വലിച്ചാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് അനുവദിക്കുക. കൂടാതെ സ്വീപ്-ഇന്‍, പാര്‍ഷ്യല്‍ വിഭാഗം ഉള്‍പ്പെടെയുള്ള എഫ്ഡി അക്കൗണ്ടുകളില്‍ 1% പിഴയും ഈടാക്കും.

ഐസിഐസിഐ ബാങ്ക്- 5 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപം ഒരു വര്‍ഷം തികയുന്നതിന് മുന്നെ പിന്‍വലിക്കുകയാണെങ്കില്‍ 0.5% നിരക്കിലാണ് പിഴ ഈടാക്കുക. ഒരു വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് നിറുത്തലാക്കുന്നതെങ്കില്‍ 1% നിരക്കില്‍ പിഴപ്പലിശയായും ഐസിഐസിഐ ബാങ്ക് ചുമത്തും. 5 കോടിക്ക് മുകളിലുള്ള നിക്ഷേപം 5 വര്‍ഷത്തിന് ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ 1.5 ശതമാനവും 5 വര്‍ഷത്തിനുള്ളിലാണ് നിറുത്തലാക്കുന്നതെങ്കില്‍ 1% നിരക്കിലും പിഴപ്പലിശ ഈടാക്കുന്നു.

ബജാജ് ഫൈാനാന്‍സ്- സ്ഥിരനിക്ഷേപം 3-6 മാസങ്ങള്‍ക്കിടെയാണ് നിറുത്തലാക്കുന്നതെങ്കില്‍ പലിശയൊന്നും അനുവദിക്കുകയില്ല. 6 മാസത്തിനു ശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി 2-3% പിഴപ്പലിശയായി ഈടാക്കും. അതേസമയം ബജാജ് ഫൈനാന്‍സിലെ സ്ഥിരനിക്ഷേപം ആദ്യ 3 മാസത്തിനകം പിന്‍വലിക്കാന്‍ അനുവദിക്കുകയില്ല.

മഹീന്ദ്ര ഫൈനാന്‍സ്- കാലാവധിക്ക് മുന്നെ സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകള്‍ ബജാജ് ഫൈനാന്‍സിലേതിന് സമാനമാണ്.

click me!