പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് എന്‍പിസിഐ പേടിഎമ്മിന് അനുമതി നല്‍കി.
നിയമപ്രശ്നങ്ങളെത്തുടര്‍ന്ന് പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്ന പേയ്മെന്‍റ് കമ്പനിയായ പേടിഎമ്മിന് ആശ്വസമായി പുതിയ യുപിഐ ഉപയോക്താക്കളെ സ്വീകരിക്കുന്നതിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കമ്പനിക്ക് അനുമതി നല്‍കി. എന്‍പിസിഐ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണം പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തേണ്ടതെന്ന് പേടിഎമ്മിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്‍റെ ഓഹരികള്‍ 11 ശതമാനം ഉയര്‍ന്നു. ഈ വര്‍ഷമാദ്യമാണ്, പേടിഎം ആപ്പില്‍ പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎം പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎമ്മിന് അംഗീകാരം ലഭിച്ചതോടെ കുറഞ്ഞുവരുന്ന ഉപയോക്തൃ അടിത്തറയെ വീണ്ടും മെച്ചപ്പെടുത്തുന്നതിന് കമ്പനിക്ക് സാധിക്കും.
2024 ജനുവരി 31-ന്,നിയമ ലംഘനങ്ങളും റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2024 മാര്‍ച്ച് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍ബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. അതേ സമയം മള്‍ട്ടി-ബാങ്ക് മോഡലിന് കീഴിലുള്ള ടിപിഎപി - തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡറായി യുപിഐ സേവനങ്ങളെത്തിക്കുന്നതിന് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ പേടിഎമ്മിന് അനുമതി നല്‍കിയിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദം മികച്ച പ്രകടനമാണ് പേടിഎം കാഴ്ച വച്ചത് . 2024 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനി 930 കോടി രൂപ അറ്റാദായം നേടി, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 290 കോടി രൂപയുടെ നഷ്ടം ആയിരുന്നു കമ്പനിക്കുണ്ടായത്. സൊമാറ്റോയ്ക്ക് ടിക്കറ്റിംഗ് ബിസിനസ്സ് വിറ്റതാണ് കമ്പനിയുടെ വരുമാനം കൂടാന്‍ സഹായിച്ചത്.
പ്രവര്‍ത്തനരഹിതമായ പേടിഎം വാലറ്റുകള്‍ എങ്ങനെ വീണ്ടും സജീവമാക്കാം?
* പേടിഎം ആപ്പിലെ പിപിബിഎല്‍ വിഭാഗത്തിലെ 'വാലറ്റ്' ഐക്കണില്‍ ക്ലിക്ക് ചെയ്യുക
* 'യുവര്‍ വാലറ്റ് ഈസ് ഇന്‍ ആക്റ്റീവ്' എന്ന സന്ദേശം കാണും
* 'വാലറ്റ് സജീവമാക്കുക' എന്നതില്‍ ക്ലിക്ക് ചെയ്ത് വാലറ്റ് വീണ്ടും പ്രവര്‍ത്തിപ്പിക്കാം.