കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്നും ശമ്പളമില്ലാതെ പിരിച്ചുവിട്ടെന്നും ആരോപിച്ച് ജീവനക്കാർ തൊഴിൽ മന്ത്രാലയത്തിന് പരാതികൾ നൽകിയതിനെ തുടർന്നാണ് നടപടി.
ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷനെതിരെ ബെംഗളൂരുവിലെ റീജിയണൽ ലേബർ കമ്മീഷണറേറ്റിന്റെ നടപടി. വൺ97 ഉദ്യോഗസ്ഥരെ ലേബർ കമ്മീഷണർ വിളിച്ചുവരുത്തിയതായാണ് റിപ്പോർട്ട്. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്നും ശമ്പളമില്ലാതെ പിരിച്ചുവിട്ടെന്നും ആരോപിച്ച് ജീവനക്കാർ തൊഴിൽ മന്ത്രാലയത്തിന് പരാതികൾ നൽകിയതിനെ തുടർന്നാണ് നടപടി. തൊഴിൽ മന്ത്രാലയം ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) ഓഫീസിന് കീഴിലുള്ള റീജണൽ ലേബർ കമ്മീഷണർ ആണ് നോട്ടീസ് നൽകിയതെന്ന് റിപ്പോർട്ട് പറയുന്നു.
നോട്ടീസ് അനുസരിച്ച്, പേടിഎം മാനേജ്‌മെന്റിന്റെ പ്രതിനിധികളും പരാതിക്കാരും ബന്ധപ്പെട്ട എല്ലാ രേഖകളും സഹിതം വകുപ്പിന്റെ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനക്കാർക്ക് ഏറ്റവും മികച്ച പിന്തുണ നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും മുഴുവൻ പ്രക്രിയയിലും നീതിയും സുതാര്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് പേടിഎം വക്താവ് പറഞ്ഞു. കമ്പനിയുടെ പത്ത് ശതമാനത്തിലേറെ പേരെയാണ് പല തവണകളിലായി പിരിച്ചുവിട്ടത്.ബിസിനസുകൾ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് പിരിച്ചു വിടലെന്നാണ് പേടിഎമ്മിന്റെ നിലപാട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജീവനക്കാരുടെ ചെലവ് 10-15 ശതമാനം കുറയ്ക്കുക ലക്ഷ്യമിട്ടായിരുന്നു നടപടി.
2024 ജനുവരി 31-ന്,നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് പേടിഎം കടന്നുപോകുന്നത്. വൺ97 കമ്മ്യൂണിക്കേഷൻസിന്റെ മാർച്ച് പാദത്തിലെ നഷ്ടം 550 കോടി രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 169 കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനവും കമ്പനിയുടെ നാലാം പാദ ഫലങ്ങളെ കാര്യമായി ബാധിച്ചു.