സ്വിഗ്ഗി, ബുക് മൈ ഷോ, മേക് മൈ ട്രിപ് തുടങ്ങിയ നിരവധി ഓൺലൈൻ ആപ്പുകളുടെ പേമെന്റ് പങ്കാളിയായിരുന്നു പേപാൽ.
മുംബൈ: പ്രമുഖ ഡിജിറ്റൽ പേമെന്റ് കമ്പനിയായ പേപാൽ തങ്ങളുടെ ഇന്ത്യയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിലുളളവർക്ക് രാജ്യത്തിനകത്ത് പേപാൽ വഴി പേമെന്റ് നടത്താനാവില്ല. എന്നാൽ, വിദേശത്ത് നിന്ന് ആർക്കും ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക് വിദേശത്തേക്കും പണമയക്കുന്നതിന് തടസങ്ങളുണ്ടാവില്ല.
അമേരിക്കയിലെ കാലിഫോർണിയയിലും സാൻജോസിലും വേരുകളുള്ള കമ്പനി അന്താരാഷ്ട്ര തലത്തിലെ പേമെന്റ് സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയ്ക്കകത്തെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കുകയാണെന്ന് കമ്പനി ഔദ്യോഗികമായി തന്നെ വ്യക്തമാക്കി കഴിഞ്ഞു.
സ്വിഗ്ഗി, ബുക് മൈ ഷോ, മേക് മൈ ട്രിപ് തുടങ്ങിയ നിരവധി ഓൺലൈൻ ആപ്പുകളുടെ പേമെന്റ് പങ്കാളിയായിരുന്നു പേപാൽ. ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും പേപാൽ വാലറ്റിൽ സൂക്ഷിക്കാനും വാങ്ങാനും അനുവദിക്കുമെന്ന് പേപാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ നിലപാടെടുത്തിരുന്നു. ഡിജിറ്റൽ കറൻസി ഇടപാട് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് കമ്പനിയുടെ ഇന്ത്യയിലെ ആഭ്യന്തര ബിസിനസിൽ നിന്നുള്ള പിന്മാറ്റമെന്നാണ് വിവരം.