പാലക്കാട് കിൻഫ്രയിലും മുംബൈയിലും ഇവർക്ക് യൂണിറ്റുകളുണ്ട്. ഇസ്രയേലിന്‍റെ യൂണിഫോം ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ലെന്നാണ് സന്ദീപിന്‍റെ കുറിപ്പ്.
പാലക്കാട്: ഇസ്രയേലിന് ആവശ്യമുള്ള യൂണിഫോം നൽകാൻ തയ്യാറായി മറ്റൊരു കമ്പനി രംഗത്ത് വന്നതായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പാലക്കാട് പ്രവര്‍ത്തിക്കുന്ന സരിഗ അപ്പാരൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് യൂണിഫോം നല്‍കാൻ തയാറായി രംഗത്ത് വന്നതെന്ന് സന്ദീപ് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പാലക്കാട് കിൻഫ്രയിലും മുംബൈയിലും ഇവർക്ക് യൂണിറ്റുകളുണ്ട്. ഇസ്രയേലിന്‍റെ യൂണിഫോം ഓർഡർ കേരളത്തിന് നഷ്‌ടപ്പെടില്ലെന്നാണ് സന്ദീപിന്‍റെ കുറിപ്പ്.
നേരത്തെ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കില്ലെന്ന് ഇസ്രയേൽ പൊലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇസ്രായേല്‍ പൊലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു. പൂര്‍ണമായും എക്‌സ്‌പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രായേല്‍ പൊലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.
മരിയൻ അപ്പാരൽസിന്‍റെ തീരുമാനത്തെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ബെയ്ഡൻ ഇസ്രയേലിനെ സഹായിക്കാൻ യുദ്ധക്കപ്പലയച്ച വാർത്ത കേട്ട് ഒരൽപ്പം പരിഭ്രാന്തിയിലായിരുന്നു ഹമാസ്. പക്ഷേ ബെയ്ഡന് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ഇസ്രയേൽ പൊലീസിന്‍റെ യൂണിഫോം തുന്നാനുള്ള ഓർഡർ പി രാജീവ് റദ്ദ് ചെയ്തുവെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.