പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാനെന്ന് പി രാജീവ്

By Web Team  |  First Published Dec 27, 2022, 8:16 PM IST

വ്യവസായ വിദഗ്ധര്‍, തൊഴിലാളി സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.  


തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വിദഗ്ധര്‍, തൊഴിലാളി സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.  കൊച്ചിയില്‍ റിയാബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബിസിനസ് അലയന്‍സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.രാജീവ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന പൊതുമേഖല വ്യവസായ സ്ഥാപനങ്ങളിൽ നിർമിക്കുന്ന ഉപകരണങ്ങള്‍, യന്ത്ര ഭാഗങ്ങൾ എന്നിവയുടെ വിപണി വിപുലീകരണത്തിന്‍റെ ഭാഗമായാണ് ബിസിനസ് അലയന്‍സ് മീറ്റ് സംഘടിപ്പിച്ചത്.

സംസ്ഥാനത്ത് സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ രംഗത്ത് വൻ കുതിപ്പാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ എട്ട് മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങൾ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിലും  ലഭിച്ചു.  മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം പതിനായിരത്തിൽ അധികം സംരംഭങ്ങളാണ് പുതുതായി തുടങ്ങിയത്. ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

Latest Videos

സംസ്ഥാനത്തെ എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. മെയിഡ് ഇൻ കേരള  എന്ന പുതിയ ബ്രാന്റ് ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്ന് ഇന്നലെ വ്യവസായ വകുപ്പ് മന്ത്രി നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിന്നുള്ള എംഎസ്എംഇ ഉൽപ്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന കേരള ബ്രാൻഡ് നടപ്പാക്കുന്നതിനോട് സംസ്ഥാന സർക്കാരിനും അനുകൂല നിലപാടാണ്. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുന്നതിനാണ് സർക്കാരിന്റെ ഈ പരിശ്രമമെന്നും മന്ത്രി പറഞ്ഞിരുന്നു.

click me!