മുൻകൂട്ടി വെളിപ്പെടുത്താത്തതും ഇടപാട് അവസാനിക്കുമ്പോൾ ഈടാക്കുന്നതുമായ ചാർജുകളാണ് ഇത്തരത്തിലുള്ള മറഞ്ഞിരിക്കുന്ന ചാർജുകൾ.
രാജ്യത്ത് ഓൺലൈനായി ഭക്ഷണം വിതരണം നടത്തുന്ന ആപ്പുകളുടെ 10 ഉപയോക്താക്കളിൽ ഏഴു പേരിൽ നിന്നെങ്കിലും മറഞ്ഞിരിക്കുന്ന ചാർജുകൾ (നികുതികൾ ഒഴികെ) കമ്പനികൾ ഈടാക്കുന്നുണ്ടെന്ന് സർവേ റിപ്പോർട്ട്. രാജ്യത്തെ 249-ലധികം ജില്ലകളിലെ ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്ന 32,000 പേരിൽ നടത്തിയ സർവേയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. സർവേയിൽ പങ്കെടുത്ത ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ 68% ഉപയോക്താക്കൾ തങ്ങൾക്ക് ഇടയ്‌ക്കിടെ മറഞ്ഞിരിക്കുന്ന ചാർജുകൾ അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. ആപ്പുകൾ മുൻകൂട്ടി വെളിപ്പെടുത്താത്തതും ഇടപാട് അവസാനിക്കുമ്പോൾ ഈടാക്കുന്നതുമായ ചാർജുകളാണ് ഇത്തരത്തിലുള്ള മറഞ്ഞിരിക്കുന്ന ചാർജുകൾ.
സർവേയിൽ പങ്കെടുത്ത 21% പേരും അടിക്കടി ഭക്ഷണ വിതരണത്തിൽ കാലതാമസം നേരിട്ടതായി വ്യക്തമാക്കി. 48% ഉപഭോക്താക്കൾ "ചിലപ്പോൾ" എന്നും 21% "അപൂർവ്വമായി" എന്നും പ്രതികരിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സബ്‌സ്‌ക്രിപ്‌ഷൻ അല്ലെങ്കിൽ ഉൽപ്പന്നം ആപ്പിലെ കാർട്ടിലേക്ക് ചേർക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് പ്രതികരിച്ചവരിൽ 29% "ചിലപ്പോൾ" എന്ന് മറുപടി നൽകി. 25% പേർ "അപൂർവ്വമായി" അനുഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
സർവേയിൽ പങ്കെടുത്തവരിൽ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. 48% പേർ ടയർ-1 നഗരങ്ങളിൽ നിന്നും, 31% പേർ ടയർ-2-ൽ നിന്നും, 21% പേർ ടയർ-3 മേഖലയിൽ നിന്നുമുള്ളവരാണ്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടേ ഇത്തരം പ്രവണതകൾ ഉപഭോക്താക്കളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഈ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും സർവേ വ്യക്തമാക്കി.