ഉപ്പ് രണ്ട് ദിവസത്തിനുള്ളിൽ എത്തും; ഓണക്കിറ്റ് ഒരാഴ്ച വൈകും

By Web Team  |  First Published Aug 10, 2022, 1:22 PM IST

ഉപ്പ് കയറ്റി അയച്ച കപ്പൽ രണ്ട് ദിവസത്തിനകം കൊച്ചിയിൽ എത്തും. ഓണക്കിറ്റ് ഒരാഴ്ച വൈകി 17 ന് വിതരണം ആരംഭിക്കും 


തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഇത്തവണയും വൈകും. പത്താം തീയതി വിതരണം ആരംഭിക്കുമെന്ന് അറിയിച്ച ഓണക്കിറ്റ് വിതരണം പതിനേഴിനാണ്‌ തുടങ്ങുക. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഇത്തവണ ഓണകിറ്റിലുള്ളത്. സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്ക് ആവശ്യമായ  സാധനങ്ങളിൽ പലതും ഇനിയും ലഭിക്കാത്തതിനാലാണ് വിതരണം വൈകുന്നത്. 

സംസ്ഥാനത്തെ 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌  ഓണക്കിറ്റ് വിതരണം ചെയ്യും.  ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങൾ കൃത്യ സമയത്ത് ലഭിക്കാത്തതിനാൽ പായ്ക്കിങ് നടത്താൻ സപ്ലൈക്കോയ്ക്ക്‌ സാധിച്ചില്ല. ഇതാണ് കിറ്റ് ഒരാഴ്ച വൈകാൻ കരണമാക്കിയത്. കിറ്റിലേക്ക് വേണ്ടതായ ഉപ്പ് ഗുജറാത്തിൽ നിന്നാണ് എത്തുക. മഴ കനത്തതോടെ ഉപ്പ് അയക്കാൻ വൈകി. ഏഴാം തീയതിയാണ് കേരളത്തിലേക്ക് ഉപ്പ് കയറ്റി അയച്ചത്. ഇത് 12 ന് കൊച്ചിയിലെത്തും. തുടർന്ന് വിവിധ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കണം. 

Latest Videos

Read Also: പ്രതിമാസം 12,500 രൂപ നിക്ഷേപിക്കൂ, 64 ലക്ഷം രൂപ വരെ നേടാം; അറിയാം സുകന്യ സമൃദ്ധി യോജനയെ

ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും ഓണത്തിന് മാത്രം വിതരണം ചെയ്യുന്ന ഉണങ്ങലരി  വലിയ അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുന്നുണ്ട്. മാത്രമല്ല, കിറ്റ് നൽകാനുള്ള സഞ്ചിയും എത്തിയിട്ടില്ല. കഴിഞ്ഞ വര്ഷം കുടുംബശ്രീ ആയിരുന്നു കിറ്റ് തയ്യാറാക്കിയത്. എന്നാൽ ഇത്തവണ ബംഗളുരുവിലുള്ള ഒരു കമ്പനിയും കോഴിക്കോട് നിന്നുള്ള ഒരു വനിതാ സൊസൈറ്റിയുമാണ് കിറ്റ് തയ്യാറാക്കുന്നത്. കിറ്റ് പ്രിന്റ് ചെയ്ത ഓരോ സപ്ലൈക്കോ സ്റ്റോറുകളിലേക്കും എത്തിയാൽ മാത്രമേ കിറ്റ് പൂർണമായി തയ്യാറാക്കാൻ സപ്ലൈക്കോയ്ക്ക്‌ സാധിക്കുകയുള്ളു. 

Read Also: 

സപ്ലൈക്കോയുടെ പായ്‌ക്കിങ്‌ ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്‌. സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലെ 14 ഇനങ്ങൾ ഇവയാണ്. 

  1. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
  2. മില്‍മ നെയ് 50 മി.ലി
  3. ശബരി മുളക്പൊടി 100 ഗ്രാം
  4. ശബരി മഞ്ഞള്‍പ്പൊടി 100  ഗ്രാം
  5. ഏലയ്ക്ക 20 ഗ്രാം
  6. ശബരി വെളിച്ചെണ്ണ 500 മി.ലി
  7. ശബരി തേയില 100 ഗ്രാം
  8. ശര്‍ക്കരവരട്ടി 100 ഗ്രാം
  9. ഉണക്കലരി 500 ഗ്രാം
  10. പഞ്ചസാര ഒരു കിലോഗ്രാം
  11. ചെറുപയര്‍ 500 ഗ്രാം
  12.  തുവരപ്പരിപ്പ് 250 ഗ്രാം
  13. പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം
  14. തുണിസഞ്ചി

Read Also: ജീവനക്കാർക്ക് ആശ്വസിക്കാം, ക്ഷാമബത്ത ഉയർത്തിയേക്കും; എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കില്ലെന്ന് കേന്ദ്രം

സർക്കാർ ഇതിനകം  13 തവണ കിറ്റ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. 5500 കോടി രൂപ ഇതിനായി ചെലവായി. കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് സർക്കാർ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നെങ്കിലും ഓണക്കിറ്റ് മുടക്കില്ല എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഓണക്കിറ്റ് കൂടാതെ  വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് കിലോയ്‌ക്ക്‌ 10.90 രൂപ നിരക്കിൽ പത്ത്‌ കിലോ അരിയും വിതരണം ചെയ്യും. 


 

click me!