മൂന്ന് വര്‍ഷത്തെ കുറഞ്ഞ വിലയിലാണ് ആഗോള എണ്ണ വില. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നിട്ടും ആഭ്യന്തര എണ്ണ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല.
ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ കേരളത്തില്‍ ശരാശരി 105 രൂപ നല്‍കണം. ഡീസല്‍ ലിറ്ററിന് 94 രൂപയും. അപ്പോള്‍ എണ്ണ വിതരണ കമ്പനികളുടെ ലാഭം എത്രയാണെന്ന് ആലോചിച്ചിട്ടുണ്ടോ..? ചെറിയ ലാഭം ഈടാക്കിയാണ് പെട്രോളും ഡീസലും വില്‍ക്കുന്നതെന്ന് കരുതിയാല്‍ തെറ്റി. പൊതുമേഖലാ സ്ഥാപനങ്ങളായിട്ടുകൂടി ഉപഭോക്താക്കളെ പിഴിയുകയാണ് എണ്ണ കമ്പനികളെന്ന് വ്യക്തമാക്കുന്നതാണ് ഇവര്‍ ഉണ്ടാക്കുന്ന ലാഭം. പെട്രോള്‍ ഒരു ലിറ്റര്‍ വില്‍ക്കുമ്പോള്‍ 15 രൂപയാണ് എണ്ണക്കമ്പനികളുടെ ലാഭം. ഡീസല്‍ വില്‍ക്കുമ്പോള്‍ ലിറ്ററിന് 12 രൂപയും. ഇത്രയധികം ലാഭം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
രാജ്യത്ത് മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഇന്ധന വിതരണം നടത്തുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയാണ് ഈ കമ്പനികളില്‍ ഉള്‍പ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നിട്ടും ആഭ്യന്തര എണ്ണ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. മൂന്ന് വര്‍ഷത്തെ കുറഞ്ഞ വിലയിലാണ് ആഗോള എണ്ണ വില. തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാര്‍ച്ചില്‍ ലിറ്ററിന് 2 രൂപ കുറച്ചതിനുശേഷം ഇന്ധന വിലയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 75 ഡോളറില്‍ താഴെയായി തുടരുകയാണെങ്കില്‍, ആഭ്യന്തര വിപണിയില്‍ ഇന്ധന വില ലിറ്ററിന് 2-4 രൂപ വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അസംസ്കൃത എണ്ണ ഇറക്കുമതിക്കാരായ ചൈനയില്‍ എണ്ണയുടെ ഉപഭോഗം കുറയുകയാണ്. ആഗോളതലത്തില്‍ തന്നെ എണ്ണയുടെ ഡിമാന്‍റിനെ പ്രതികൂലമായി ബാധിക്കുന്നതാണിത്. എന്നാല്‍ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം ഇന്ധന വില ഉയരാന്‍ സാധ്യതയുണ്ടെന്നും അക്കാര്യത്തില്‍ വ്യക്തത വന്ന ശേഷം മാത്രമേ ആഭ്യന്തര വിപണിയില്‍ എണ്ണ വില കുറയ്ക്കുന്ന കാര്യം പരിഗണിക്കൂ എന്നുമാണ് എണ്ണക്കമ്പനികളുടെ നിലപാട് .