റുപേ ക്രെഡിറ്റ് കാർഡുകളാണോ ഉപയോഗിക്കുന്നത്? റിവാർഡ് പോയിന്റുകൾ ഉറപ്പാക്കി എൻസിപിഐ

By Web Team  |  First Published Aug 7, 2024, 6:44 PM IST

സെപ്റ്റംബർ 1 മുതൽ റുപേ ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡ് പോയിന്റുകളിലും ആനുകൂല്യങ്ങളിലും മറ്റ് ക്രെഡിറ്റ് കാർഡുകൾക്കുള്ള സമാന പരിഗണന നൽകാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്കുകളോട് ആവശ്യപ്പെട്ടു.


യുപിഐയിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും പണമിടപാടുകൾ നടത്താൻ റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കാനുള്ള വഴിയൊരുങ്ങുന്നു. ഇടപാടുകൾക്കായി മറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്നതിന് സമാന രീതിയിലുള്ള   റിവാർഡ് പോയിന്റുകൾ റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്കും ഇത് വഴി ലഭിക്കും. സെപ്റ്റംബർ 1 മുതൽ റുപേ ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡ് പോയിന്റുകളിലും ആനുകൂല്യങ്ങളിലും മറ്റ് ക്രെഡിറ്റ് കാർഡുകൾക്കുള്ള സമാന പരിഗണന നൽകാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ബാങ്കുകളോട് ആവശ്യപ്പെട്ടു.  റിവാർഡ് പോയിന്റുകൾ, ആനുകൂല്യങ്ങൾ,  മറ്റ് അനുബന്ധ ഓഫറുകൾ എന്നിവ യുപിഐയുമായി ബന്ധിപ്പിച്ച റുപേ ക്രെഡിറ്റ് കാർഡുകളിലും നൽകണമെന്നാണ് നിർദേശം. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് റിവാർഡ് പോയിന്റുകൾ.

നിലവിൽ, യുപിഐ ഇടപാടുകൾക്കുള്ള റുപേ ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡ് പോയിന്റുകൾ മറ്റ് പല ക്രെഡിറ്റ് കാർഡുകളേക്കാൾ കുറവാണ് . ഇത് വഴി ഒരു സാധാരണ ക്രെഡിറ്റ് കാർഡ് എല്ലാ ഇടപാടുകൾക്കും 1% ക്യാഷ്ബാക്ക് നൽകുന്നുവെങ്കിൽ,   റുപേ ക്രെഡിറ്റ് കാർഡിനും സമാനമായ ആനുകൂല്യങ്ങൾ ലഭിക്കും.  യുപിഐയുമായി ലിങ്ക് ചെയ്ത റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. കാര്‍ഡ് എടുക്കാതെ തന്നെ ഇടപാടുകള്‍ നടത്താമെന്നതാണ് ഇതിൽ പ്രധാനം. പിഒഎസ് ടെര്‍മിനലുകളില്ലാത്ത വ്യാപാരികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനും ഇതിലൂടെ സാധിക്കും.

 * യുപിഐയുമായി റുപേ ക്രെഡിറ്റ് കാർഡ് എങ്ങനെ ബന്ധിപ്പിക്കാം?  

  * യുപിഐ ആപ്പിൽ 'കാർഡ് ചേർക്കുക' അല്ലെങ്കിൽ 'ലിങ്ക് കാർഡ്' വിഭാഗം ക്ലിക്ക് ചെയ്യുക

 *  'റുപേ ക്രെഡിറ്റ് കാർഡ്' തിരഞ്ഞെടുക്കുക.

  * റുപേ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ശ്രദ്ധാപൂർവ്വം നൽകുക.

 *  രജിസ്റ്റർ ചെയ്ത മൊബൈലിൽ ഒടിപി ലഭിക്കും.  

 * ഒരു യുപിഐ പിൻ നൽകുക

click me!