മാർക്ക് സക്കർബർഗ് പങ്കെടുക്കുന്ന ആദ്യ വിവാഹം ഇതല്ല, മെറ്റാ സിഇഒ ഇന്ത്യയിലെത്തിയത് മറ്റൊരു വിവാഹത്തിനാണ്.
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ഗംഭീരമായാണ് റിലയൻസ് കുടുംബം ആഘോഷിച്ചത്. അയ്യായിരത്തിലധികം കോടി ചെലവഴിച്ചാണ് വിവാഹ മാമാങ്കം നടന്നത്. ഇന്ത്യയിലെ വ്യാവസായിക, കായിക, രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ പ്രമുഖരായ വ്യക്തികളും അംബാനി കല്യാണത്തിന് എത്തിയിരുന്നു. മെറ്റാ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും വിവാഹത്തിന് മൂന്ന് ദിവസമാണ് അംബാനി കുടുംബ വസതിയിൽ ചെലവഴിച്ചത്. എന്നാൽ മാർക്ക് സക്കർബർഗ് പങ്കെടുക്കുന്ന ആദ്യ വിവാഹം ഇതല്ല, മെറ്റാ സിഇഒ ഇന്ത്യയിലെത്തിയത് മറ്റൊരു വിവാഹത്തിനാണ്.
2010 ജനുവരിയിൽ, ഫേസ്ബുക്കിൻ്റെ ആദ്യ ജീവനക്കാരായ ആദിത്യ അഗർവാളിൻ്റെയും രുചി സംഘ്വിയുടെയും വിവാഹത്തിൽ പങ്കെടുക്കാനാണ് മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ഇന്ത്യയിലെത്തിയത്. ഗോവയിൽ വെച്ചായിരുന്നു വിവാഹം. 2005 ൽ ആണ് ആദിത്യ അഗർവാൾ ഫേസ്ബുക്കിൽ ജോലി ചെയ്യാൻ തുടങ്ങിയത്. പ്ലാറ്റ്‌ഫോമിൻ്റെ സെർച്ച് എഞ്ചിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ആദിത്യ അഗർവാൾ ഫെയ്‌സ്ബുക്കിലെ പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങിൻ്റെ ആദ്യ ഡയറക്ടറായിരുന്നു.
ഗോവയിലെത്തിയ വിവാഹത്തിന് എത്തിയ സക്കർബർഗ് ഒരാഴ്ചയോളം ഇന്ത്യയിൽ ഉണ്ടായിരുന്നു. സക്കർബർഗിനൊപ്പം നിരവധി ഫേസ്ബുക്ക് ജീവനക്കാർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. 2015 ൽ, സക്കർബർഗ് തൻ്റെ ഫേസ്ബുക്ക് പേജിൽ വിവാഹത്തിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു.