രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.
മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി ചുമതലയേൽക്കാൻ നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.
തൻ്റെ മരണത്തിന് മുമ്പ്, ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആർക്കായിരിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. ഇത് ടാറ്റയുടെ വിയോഗത്തിന് ശേഷം ട്രസ്റ്റുകളുടെ ഭാവി ഭരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ഇതേ തുടർന്ന് മുംബൈയിൽ ഇന്ന് ടാറ്റ ട്രസ്റ്റിൻറെ ബോർഡ് യോഗം നടന്നു. 13 ട്രസ്റ്റിമാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്.
രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റ രണ്ടാമത് വിവാഹം ചെയ്ത സിമോനിൻ്റെ മകനാണ് 67കാരനായ നോയൽ ടാറ്റ. 40 വർഷമായി ടാറ്റയുടെ ഭാഗമായ നോയൽ നിലവിൽ ട്രെൻ്റ്, വോൾട്ടാസ്, ടാറ്റ ഇൻ്റർനാഷണൽ, ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. രത്തൻ ടാറ്റ 2012ൽ ടാറ്റ സൺസിൻ്റെ തലപ്പത്തുനിന്ന് വിരമിച്ചപ്പോൾ നോയലിന് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ല. ടാറ്റ ഗ്രൂപ്പിൻ്റെ മാത്യ കമ്പനിയായ ടാറ്റ സൺസിൻ്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രെസ്റ്റ് എന്ന സംരംഭത്തിന് കീഴിലാണ്.
ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ, ഒക്ടോബർ 9 ന് രാത്രി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. വിവാഹിതനല്ലാത്ത രത്തൻ ടാറ്റായുടെ പിൻഗാമി ആരെന്ന ചോദ്യം മുൻപേ ഉയർന്നിരുന്നു.