ഇൻസ്റ്റാഗ്രാമിൽ മീഷോയ്‌ക്കെതിരെ വന്ന പോസ്റ്റുകളിൽ, സെക്കൻഡ് ഹാൻഡ് വസ്തുക്കളാണ് മീഷോ വിൽക്കുന്നത് എന്നാണ് ഇവർ പ്രധാനമായും ആരോപിച്ചിരിക്കുന്നത്.
ബംഗളുരു: സോഷ്യൽ മീഡിയയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച ആറ് പേർക്കെതിരെ പരാതി നൽകി ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ. പഴയതും ഉപയോഗിച്ചതും ആവശ്യമില്ലാത്തതുമായ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വിൽക്കാൻ പ്ലാറ്റ്ഫോം അനുവദിച്ചതായി ആരോപണങ്ങങ്ങൾ നടത്തിയെവർക്കെതിരെയാണ് മീഷോ പരാതി നൽകിയത്.
കർണാടകയിലെ കടുബീസനഹള്ളിയിൽ സ്ഥിതി ചെയ്യുന്ന ഫാഷ്‌നിയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ, തങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾ വസ്തുതരഹിതമാണെന്ന് പ്രതികരിച്ചു. "ഈ പ്രസ്താവനകൾ തെറ്റാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപങ്ങളാണ്, മീഷോ ഒരിക്കലും സെക്കൻഡ് ഹാൻഡ് വസ്തുക്കളുടെ വിൽപ്പനയിൽ ഏർപ്പെട്ടിട്ടില്ല," എന്ന് മീഷോ പറഞ്ഞു. മീഷോയുടെ നിലവിലുള്ള ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. ഈ വ്യാജ ആരോപണങ്ങൾ കമ്പനിയുടെ മൊത്തത്തിലുള്ള വ്യാപാരത്തെ ബാധിക്കുമെന്നും മീഷോയുടെ ബിസിനസ്സ് കുറയാൻ കാരണമായെന്നും കമ്പനി വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിൽ മീഷോയ്‌ക്കെതിരെ വന്ന പോസ്റ്റുകളിൽ, ഇ കോമേഴ്‌സ് കമ്പനി ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ ചിത്രങ്ങൾ കാണിക്കുകയും നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ എത്തിക്കുന്നതായും ആരോപിക്കുന്നുണ്ട്. സെക്കൻഡ് ഹാൻഡ് വസ്തുക്കളാണ് മീഷോ വിൽക്കുന്നത് എന്നാണ് ഇവർ പ്രധാനമായും ആരോപിച്ചിരിക്കുന്നത്. ഷൈനൽ ത്രിവേദി, അരീഷ് ഇറാനി, അഖിൽ നാന, സുപ്രിയ ഭുചാസിയ, സാഗർ പാട്ടീൽ മുത്താലിക് ഹുസൈൻ എന്നിവർക്കെതിരെയാണ് മീഷോ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റ്‌ഫീൽഡ് സിഇഎൻ ക്രൈം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്