മാഗി നൂഡിൽസിന്റെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായാണ് നെസ്‌ലെ അവസാനമായി നിക്ഷേപം നടത്തിയിരുന്നത്. മൂന്ന് വർഷംകൊണ്ട് ഇന്ത്യയിൽ 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് നെസ്‌ലെ.
ദില്ലി: ഇന്ത്യയിൽ 2025 ഓടെ 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ. അടുത്ത മൂന്നര വർഷത്തിനുള്ളിൽ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി നെസ്‌ലെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് ഷ്‌നൈഡർ അറിയിച്ചു.
രാജ്യത്ത് നിലവിൽ നെസ്‌ലെയ്ക്ക് ഒമ്പത് പ്ലാന്റുകൾ ഉണ്ട്. കൂടുതൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാൻ നെസ്‌ലെ പുതിയ സ്ഥലങ്ങൾ തേടുന്നുണ്ട്. കൂടാതെ ഉത്പന്നങ്ങളിൽ കൂടുതൽ പര്യവേക്ഷണം നടത്താനും പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കാൻ പദ്ധതിയുണ്ടെന്നും ഷ്‌നൈഡർ വ്യക്തമാക്കി.
Read Also: മുഖം മിനുക്കാൻ എയർ ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി പുതിയ കരാർ
പുതിയ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. നെസ്‌ലെയുടെ മികച്ച 10 സ്ഥാനങ്ങളിൽ ഇന്ത്യയിലെ സ്ഥാപങ്ങളും ഉൾപ്പെടുന്നു. അതിനാൽ തന്നെ കൂടുതൽ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യും. 110 വർഷത്തിലേറെയായി നെസ്‌ലെ ഇന്ത്യയിലുണ്ട്. ഈ നിക്ഷേപം വികസന പ്രവർത്തനങ്ങൾ, ബ്രാൻഡ് നിർമ്മാണം മുതലായവയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് ഷ്നൈഡർ കൂട്ടിച്ചേർത്തു.
2020 ൽ, നെസ്‌ലെ കമ്പനിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഗുജറാത്തിലെ സാനന്ദിലുള്ള ഫാക്ടറിക്കുമായി 2,600 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 2021ൽ നെസ്‌ലെ ഇന്ത്യയുടെ വരുമാനം 14,709.41 കോടി രൂപയാണ്. മാഗി നൂഡിൽസിന്റെ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി ഗുജറാത്തിലെ സാനന്ദിൽ പ്ലാന്റ് തുറക്കാൻ 700 കോടി രൂപയാണ് കമ്പനി അവസാനമായി നിക്ഷേപിച്ചത്.
Read Also: ഇൻഫോസിസിനെയും വിപ്രോയെയും തള്ളി കേന്ദ്രം; മൂൺലൈറ്റിംഗ് തെറ്റല്ല
സസ്യാധിഷ്ഠിതമായ പ്രോട്ടീനുകൾ ആണ് നെസ്‌ലെ ഉപയോഗിക്കുന്നത് എന്നും പുതിയ നിക്ഷേപം ഉത്പന്നങ്ങൾ വൈവിധ്യമാക്കാൻ കൂടി ഉപയോഗിക്കുമെന്നും നെസ്‌ലെ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു.