അദ്ദേഹത്തിന്റെ മരണ ശേഷം സ്വത്തുക്കൾക്ക് അനന്തരാവകാശം കുടുംബാംഗങ്ങൾക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
മുംബൈ: വിവാഹമോചന ശേഷമുള്ള കുടുംബ ഒത്തുതീർപ്പിന്റെ ഭാഗമായി, കോടീശ്വരനായ വ്യവസായി ഗൗതം സിംഘാനിയയിൽ നിന്ന് സ്വത്തിന്റെ മുക്കാൽ പങ്കും ആവശ്യപ്പെട്ട് നവാസ് മോദി. തനിക്കും തന്റെ രണ്ട് പെൺമക്കളായ നിഹാരികയ്ക്കും നിസയ്ക്കും വേണ്ടി 1.4 ബില്യൺ ഡോളറിന്റെ (11, 200 കോടി രൂപ) ആസ്തിയുടെ 75% ആവശ്യപ്പെട്ടതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ, കുടുംബ ട്രസ്റ്റ് രൂപീകരിക്കാനും കുടുംബത്തിന്റെ ആസ്തി അതിലേക്ക് മാറ്റാനും സിംഘാനിയ ശുപാർശ ചെയ്തു, ഏക മാനേജിംഗ് ട്രസ്റ്റിയായി അദ്ദേഹം സേവനമനുഷ്ഠിക്കാമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം സ്വത്തുക്കൾക്ക് അനന്തരാവകാശം കുടുംബാംഗങ്ങൾക്ക് നൽകാമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ട്രസ്റ്റിലേക്ക് ഫണ്ട് സംഭാവന ചെയ്യുന്ന സെറ്റിലർ, ട്രസ്റ്റി, അഡ്മിനിസ്‌ട്രേറ്ററായി സേവിക്കുന്ന ട്രസ്റ്റി, ഗുണഭോക്താവ് എന്നിവരടങ്ങുന്നതായിരിക്കും ട്രസ്റ്റ് അംഗങ്ങളെന്നും നിയമ വിദഗ്ധർ പറയുന്നു.
undefined
രാജ്യത്തെ പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ ഭാര്യ നവാസ് മോദിയുമായുള്ള 32 വർഷത്തെ ദാമ്പത്യബന്ധം വേർപിരിയുന്നതായി നവംബർ 13നാണ് അറിയിച്ചത്. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത്രയും കാലം പരസ്പരം പിന്തുണ നൽകി മുന്നോട്ടുപോയെന്നും ഇപ്പോൾ പിരിയാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 1999ലാണ് ഇരുവരും വിവാഹിതരാകുന്നത്. ബന്ധത്തിൽ രണ്ട് മക്കളുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമ്മാതാക്കളായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ. 11,000 കോടി രൂപയാണ് ആസ്തി. സിംഘാനിയയുടെ ആഡംബര ജീവിതം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിവേഗ കാറുകളോടും ബോട്ടുകളോടും വിമാനങ്ങളോടും അതീവ തൽപരനാണ്. മുകേഷ് അംബാനിയുടെ ആന്റിലിയയേക്കാൾ കൂടുതൽ മൂല്യത്തിൽ 15,000 കോടി രൂപ ചെലവിട്ട് 10 നിലകളുള്ള ഒരു മാളിക ഗൗതം നിർമ്മിക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. 6000 കോടി രൂപ മൂല്യമുള്ള ജെകെ ഹൗസിലാണ് ഇപ്പോൾ താമസം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടാണ് ജെ കെ ഹൗസ്.
രാജ്യത്തെ അറിയപ്പെടുന്ന ഫിറ്റ്നസ് ട്രെയിനറാണ് നവാസ് മോദി. ഇവർക്ക് മുംബൈയിൽ സ്വന്തമായി ഫിറ്റ്നസ് സെന്ററുണ്ട്. ഇവരുടെ പിതാവ് നദാർ മോദി അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു.