ജെറ്റ് എയര്‍വേസിന് സഹായ വാഗ്ദാനവുമായി സ്ഥാപകന്‍ നരേഷ് ഗോയല്‍; പ്രതികരിക്കാതെ എസ്ബിഐ

By Web Team  |  First Published May 9, 2019, 12:21 PM IST

ജെറ്റ് എയർവേസ് ജീവനക്കാർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. ഗോയലിന്റെ കീഴിലുള്ള ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നായിരിക്കും നിക്ഷേപം നടത്തുക. 


മുംബൈ: കടക്കെണിയെ തുടർന്ന് താൽക്കാലികമായി സേവനം അവസാനിപ്പിച്ച ജെറ്റ് എയർവേസിന് സഹായ ഹസ്തവുമായി സ്ഥാപകൻ നരേഷ് ഗോയൽ. കമ്പനിയുടെ പുനരുജ്ജീവനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയ ഗോയൽ 250 കോടി രൂപയുടെ അടിയന്തര സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ജെറ്റ് എയർവേസ് ജീവനക്കാർക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുളളത്. ഗോയലിന്റെ കീഴിലുള്ള ജെറ്റ് എയർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നായിരിക്കും നിക്ഷേപം നടത്തുക. നാളെ ബാങ്ക് നടപടികൾ തുടങ്ങാനിരിക്കെയാണ് ജെറ്റ് സ്ഥാപകൻ ആശ്വാസവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 

Latest Videos

കഴിഞ്ഞ മാസം വായ്പാ ദാതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് നരേഷ് ഗോയൽ ചെയർമാൻ സ്ഥാനവും ബോർഡ് അംഗത്വവും രാജി വച്ചിരുന്നു. ഒരു ബില്യണിൽ അധികം കടമുള്ള ജെറ്റ് എയർവേസ് സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള ഓഹരി ലേല നടപടികളുമായി മുന്നോട്ട് പോകുകയാണ് എസ്ബിഐയുടെ നേതൃത്വത്തിലുളള ഇപ്പോഴത്തെ ഭരണ സമിതി. എന്നാല്‍ നരേഷ് ഗോയലിന്‍റെ വാഗ്ദാനത്തോട് എസ്ബിഐ പ്രതികരിച്ചിട്ടില്ല. 
 

click me!