ഒരേ സമയം ഒന്നിൽ കൂടുതൽ വായ്‌പകൾ കൈകാര്യം ചെയ്യുന്നത് അല്പം അപകടം പിടിച്ച പണിയാണ്.
അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ ഭൂരിഭാഗം പേരും ചെയ്യുക വായ്പ എടുക്കുക എന്നുള്ളതാണ്. വായ്പ എടുത്ത് അത് കൃത്യമായ സമയത്ത് തിരിച്ചടയ്ക്കുകയാണെങ്കിൽ ഒരു വ്യക്തിയുടെ സിബിൽ സ്കോർ മെച്ചപ്പെടുകയും ചെയ്യും. എന്നാൽ ഒരേ സമയം ഒന്നിൽ കൂടുതൽ വായ്‌പകൾ കൈകാര്യം ചെയ്യുന്നത് അല്പം അപകടം പിടിച്ച പണിയാണ്. കൃത്യസമയത്ത് തിരിച്ചടവ് നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാം. ഇങ്ങനെ കടക്കെണിയിൽ കുടുങ്ങാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
വായ്പ ഏകീകരണം
ഒന്നിൽ കൂടുതൽ വായ്പകൾ ഉണ്ടെങ്കിൽ അവ എല്ലാം കടി ഒരു കുടക്കേഴിനുള്ളിൽ ആക്കാം. അതായത്, പലിശ കുറഞ്ഞ വലിയ വായ്പ എടുത്ത് മറ്റുള്ള ഉയർന്ന പലിശ നൽകേണ്ട വായ്പകളെല്ലാം തീർക്കുക. ഇങ്ങനെ വരുമ്പോൾ നിങ്ങൾക്ക് തിരിച്ചടവ് എളുപ്പമാകുകയും ഉയർന്ന പലിശയിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും.
കൃത്യസമയത്ത് ലോണുകൾ തിരിച്ചടയ്ക്കുക-
കൃത്യസമയത്ത് വായ്പ കുടിശിക തീർക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ തിരിച്ചടവ് മുടങ്ങിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകും. ലോൺ തിരിച്ചടവിലെ കാലതാമസം ഒഴിവാക്കാൻ, തിരിച്ചടവ് തിയതി ഓർത്തുവെക്കുക. നിലവിലുള്ള ഇഎംഐകൾ അടയ്‌ക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, തിരിച്ചടവ് കാലയളവ് നീട്ടി ഇഎംഐ തുക കുറയ്ക്കുക. അങ്ങനെ വരുമ്പോൾ തിരിച്ചടവ് മുടങ്ങില്ല. ക്രെഡിറ്റ് സ്കോർ കുറയില്ല
ഉയർന്ന പലിശ നിരക്കിലുള്ള വായ്പ ആദ്യം അവസാനിപ്പിക്കുക
വായ്പ തിരിച്ചടയ്ക്കുമ്പോൾ ഉയർന്ന പലിശ നൽകേണ്ട വായ്പകൾ ആദ്യം തിരിച്ചടയ്ക്കുക. കാരണം ഇത് അധിക ബാധ്യത കുറയ്ക്കും. ഈ ലോണുകൾ നേരത്തെ അവസാനിപ്പിക്കുന്നത് ഇഎംഐ ഭാരം കുറയ്ക്കാനാകും