എല്ലാ സമ്പന്നരായ വ്യവസായികളും ബിരുദങ്ങൾ വാരികൂട്ടിയവരാണോ? കോളേജിന്റെ പടി പോലും ചവിട്ടാതെ വ്യവസായ ലോകത്തെ വെട്ടിപിടിച്ചവരുമുണ്ട്. ബിസിനസ്സിൽ വിജയം കൈവരിച്ച ഇന്ത്യയിലെ സമ്പന്നരായ 10 വ്യവസായികളുടെ യോഗ്യത
ഇന്ത്യയിൽ ധാരാളം സമ്പന്നരായ വ്യവസായികളുണ്ട്. ഫോബ്‌സ് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 169 ഇന്ത്യക്കാരുണ്ട്. ഇന്ത്യയിൽ വ്യവസായികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വർഷംതോറും നിരവധി സ്റ്റാർട്ടപ്പുകൾ പിറവിയെടുക്കുന്നു. ഒരു ബിസിനസ്സ് പടുത്തുയർത്തുന്നത് എളുപ്പമല്ല. ബുദ്ധി, ചാതുര്യം, വൈദഗ്ധ്യം എന്നിവയെല്ലാം ബിസിനസ്സിൽ വിജയം കൈവരിക്കുന്നതിന് ആവശ്യമാണ്. ഇന്ത്യയിൽ മുൻനിരയിൽ നിൽക്കുന്ന സംരംഭകർ തങ്ങളുടെ ബിസിനസ്സിൽ വിജയം കൈവരിക്കാൻ പിന്തുടരുന്ന സൂത്രവാക്യങ്ങൾ എന്തൊക്കെയാണ്? എന്താണ് അവരുടെ വിജയമന്ത്രം? ഈ ചോദ്യങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. ഒപ്പം തന്നെ അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ചർച്ചകളും നടക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വ്യവസായികളുടെ യോഗ്യതകൾ എന്തൊക്കെയാണ്? പരിശോധിക്കാം;
READ ASLO: സാധാരണക്കാരെ കൈവിടില്ല; കുറഞ്ഞ നിരക്കിൽ അതിവേഗം; വന്ദേ സാധാരൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ
1. മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയായ മുകേഷ് അംബാനിയുടെ ആസ്തി 93.5 ബില്യൺ ഡോളറാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എംഡിയുമായ മുകേഷ് അംബാനി തന്റെ പ്രാഥമിക വിദ്യാഭ്യാസവും സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കിയത് മുംബൈയിലെ ഹിൽ ഗംഗെ ഹൈസ്കൂളിലാണ്. സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് പ്രീ-ഗ്രാജുവേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും അംബാനി പൂർത്തിയാക്കി. അതിനുശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടി.
2. ഗൗതം അദാനി
അദാനി ഗ്രൂപ്പിന്റെ തലവനായ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നനായ വ്യവസായിയാണ്. 51.4 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ഗൗതം അദാനി തന്റെ ബിരുദം പോലും പൂർത്തിയാക്കിയിട്ടില്ല, ഇത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. ഗുജറാത്ത് സേത്ത് ചിംനാലാൽ നാഗിൻദാസ് വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, കൊമേഴ്സിൽ ബിരുദം നേടുന്നതിനായി അദാനി ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ ചേർന്നു. എന്നാൽ, അദ്ദേഹം തന്റെ ബിരുദം പാതിവഴിയിൽ നിർത്തി ഒരു ബിസിനസ്സ് സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
READ ASLO: ആന്റീലിയ മാത്രമല്ല, ദുബായിലും മുകേഷ് അംബാനിക്ക് രാജകീയ വസതിയുണ്ട്; ആഡംബര ബംഗ്ലാവിന്റെ വില അറിയാം
3. സൈറസ് പൂനാവാല
ഫോബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ വ്യവസായിയാണ് സൈറസ് പൂനാവാല. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടെ സൈറസ് പൂനാവാല ഗ്രൂപ്പിന്റെ തലവനായ പൂനാവാലയുടെ ആസ്തി 27.6 ബില്യൺ ഡോളറാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബ്രിഹാൻ മഹാരാഷ്ട്ര കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിച്ചു.
4. ശിവ് നാടാർ
എച്ച്സിഎൽ ടെക്നോളജീസിന്റെയും ശിവ് നാടാർ ഫൗണ്ടേഷന്റെയും സ്ഥാപകനാണ് ശിവ് നാടാർ. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നാലാമത്തെ വ്യവസായിയാണ് അദ്ദേഹം. 26.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. നാടാർ മധുര ഇളങ്കോ കോർപ്പറേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ടൗൺ ഹൈസ്കൂളിൽ വിദ്യാഭ്യാസം തുടർന്നു. പിന്നീട് തൃച്ച സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. മധുരയിലെ അമേരിക്കൻ കോളേജിൽ നിന്ന് പ്രീ-ഗ്രാജുവേഷൻ പൂർത്തിയാക്കിയ അദ്ദേഹം കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി.
5. സാവിത്രി ജിൻഡാൽ
സാവിത്രി ജിൻഡാൽ ഇന്ത്യയിലെ അഞ്ചാമത്തെ ധനികയായ വ്യവസായി. ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവിയുടെ ആസ്തി 19.3 ബില്യൺ ഡോളറാണ്. വ്യവസായിയും രാഷ്ട്രീയ പ്രവർത്തകയും കൂടിയായ സാവിത്രി ജിൻഡാൽ അസം സർവകലാശാലയിൽ നിന്ന് ഡിപ്ലോമ നേടിയിട്ടുണ്ട്.
ALSO READ: ധീരുഭായ് അംബാനിയുടെ മകൾ, മുകേഷ് അംബാനിയുടെ സഹോദരി; ആരാണ് നീന കോത്താരി
6. രാധാകിഷൻ ദമാനി
അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡിന്റെ ചെയർമാനും ഡിമാർട്ടിന്റെ സ്ഥാപകനുമായ രാധാകിഷൻ ദമാനി ഇന്ത്യയിലെ ആറാമത്തെ സമ്പന്ന വ്യവസായിയാണ്. 17.4 ബില്യൺ ഡോളറാണ് ദമാനിയുടെ ആസ്തി. ദമാനിയും ബിരുദ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തി. ഓഹരി വിപണിയിൽ താൽപ്പര്യമുള്ള അദ്ദേഹം അതിൽ നിക്ഷേപിച്ച് ഒരു ബിസിനസ്സ് കെട്ടിപ്പടുത്തു. ഇന്ന്, രാധാകിഷൻ ദമാനി ഒരു വിജയകരമായ വ്യവസായി എന്ന നിലയിൽ മാത്രമല്ല അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പകരം, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഓഹരി വിപണി നിക്ഷേപകരിൽ ഒരാൾ കൂടിയാണ്
7. ദിലീപ് സാംഘ്‌വി
രാജ്യത്തെ സമ്പന്ന വ്യവസായികളിൽ ഏഴാം സ്ഥാനത്താണ് ദിലീപ് സാംഘ്‌വി. സൺ ഫാർമ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപകനായ അദ്ദേഹത്തിന്റെ ആസ്തി 17 ബില്യൺ ഡോളറാണ്. കൊൽക്കത്തയിലെ വിശ്വ വിദ്യാലയത്തിൽ നിന്നാണ് സാംഘ്‌വി കൊമേഴ്സിൽ ബിരുദം നേടിയത്.
8. അജയ് പിരമൽ
പിരാമൽ ഗ്രൂപ്പിന്റെ തലവനായ അജയ് പിരാമൽ മുംബൈ സർവകലാശാലയിൽ നിന്നാണ് ശാസ്ത്രത്തിൽ ബിരുദം നേടിയത്. അതിനുശേഷം എംബിഎ ബിരുദവും നേടി. 3.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
ALSO READ: മുകേഷ് അംബാനിയുടെ പുതിയ കരുനീക്കം; ജിയോ ഫിനാൻഷ്യൽ സർവീസ് ഡയറക്ടറായി ഇഷ അംബാനി
9. ലക്ഷ്മി മിത്തൽ
ആർസെൽ മിത്തൽ ഗ്രൂപ്പിന്റെ മേധാവിയായ ലക്ഷ്മി മിത്തൽ കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയിട്ടുണ്ട്, കൂടാതെ 16.1 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.
10. നാരായണ മൂർത്തി
ഇൻഫോസിസ് സഹസ്ഥാപകൻ എൻ. നാരായണ മൂർത്തി മൈസൂർ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. അതിനുശേഷം കാൺപൂർ ഐഐടിയിൽ നിന്ന് സാങ്കേതികവിദ്യയിൽ ബിരുദാനന്തര ബിരുദം നേടി. 4.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.