സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും വൈകുന്നേരം 6 മുതല്‍ 7 വരെ പ്രത്യേകമായി ഒരു മണിക്കൂര്‍ ട്രേഡിംഗ് നടത്തും.
ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവര്‍ഷമായ വിക്രം സംവത് 2080 അവസാനിച്ച് 2081ലേക്ക് പ്രവേശിക്കുകയാണ്. ഓഹരി വിപണികളില്‍ സമീപകാലത്ത് 8 ശതമാനത്തോളം ഇടിവ് ഉണ്ടായെങ്കിലും ആകര്‍ഷകമായ നേട്ടത്തോടെയാണ് സംവത് 2080 അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 25 വരെ, ബിഎസ്ഇ സെന്‍സെക്സ് 22.3 ശതമാനം ഉയര്‍ന്നപ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 50 ഈ സംവത് വര്‍ഷത്തില്‍ ഇതുവരെ 24.5 ശതമാനം നേട്ടമുണ്ടാക്കി. സംവത് 2081 ന്‍റെ ഭാഗമായുള്ള മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 01 വെള്ളിയാഴ്ചയാണ് നടക്കുക. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും വൈകുന്നേരം 6 മുതല്‍ 7 വരെ പ്രത്യേകമായി ഒരു മണിക്കൂര്‍ ട്രേഡിംഗ് നടത്തും. ഈ പ്രത്യേക മുഹൂര്‍ത്തതില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മൂന്ന് സെക്ടറുകള്‍ ഇവയാണ്
1.ഐ.ടി മേഖല
ഐടി കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തല്‍. കമ്പനികള്‍ മികച്ച വരുമാനം രേഖപ്പെടുത്തുന്നത് പ്രതീക്ഷ നല്‍കുന്നു. നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട മുന്‍നിര മേഖലകളിലൊന്നാണ് ഐടി. നിഫ്റ്റി ഐടി സൂചിക 15.3% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി വരുമാനത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് മേഖലയിലെ ഐടി ചെലവുകള്‍ വര്‍ധിക്കുന്നതും ശുഭസുചന നല്‍കുന്നു.
2.എഫ്എംസിജി
സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ കമ്പനികളുടെ വരുമാനത്തില്‍ വലിയ മുന്നേറ്റമില്ലെങ്കിലും എഫ്എംസിജി സെക്ടറുമായി ബന്ധപ്പെട്ട് അനുകൂല നിലപാടാണ് വിദഗ്ധര്‍ക്കുള്ളത്. നിഫ്റ്റി എഫ്എംസിജി സെഗ്മെന്‍റില്‍ ഏകദേശം 67% ആണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഗ്രാമീണ ഡിമാന്‍ഡ് വീണ്ടെടുത്തതിനാല്‍ കമ്പനികളുടെ വരുമാന വളര്‍ച്ച ശക്തമായി തുടരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ ഈ മേഖല ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു.
3.ഫാര്‍മ സെക്ടര്‍
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ കമ്പനികളുടെ മികച്ച വരുമാനവും യുഎസിലെ ജനറിക് മരുന്നുകളുടെ വിലനിര്‍ണ്ണയത്തിലെ അനുകൂല സാഹചര്യങ്ങളും ചേര്‍ന്ന് ഈ വിഭാഗത്തിലെ ഓഹരികള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതായി വിദഗ്ധര്‍ പറയുന്നു.