തകർച്ച നേരിട്ട് വിപണി; അമേരിക്ക മാന്ദ്യത്തിലേക്കോ, ഇന്ത്യയിലെ നിക്ഷേപകർ ഭയക്കണോ?

By Web Team  |  First Published Aug 5, 2024, 6:12 PM IST

തൊഴിലില്ലായ്മ നിരക്ക് വർധിച്ചതും , ഉല്‍പാദന രംഗത്തെ ഇടിവുമാണ് അമേരിക്കയെ മാന്ദ്യത്തിന്‍റെ നിഴലിലാക്കിയത്.


ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക മാന്ദ്യത്തിലേക്കോ എന്നുള്ള ചോദ്യമാണ് എല്ലായിടത്തും ഉയരുന്നത്. തൊഴിലില്ലായ്മ നിരക്ക് വർധിച്ചതും , ഉല്‍പാദന രംഗത്തെ ഇടിവുമാണ് അമേരിക്കയെ മാന്ദ്യത്തിന്‍റെ നിഴലിലാക്കിയത്. ആഗോള ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ് അമേരിക്കയിലെ മാന്ദ്യ സാധ്യത 15 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കിയിട്ടുണ്ട്.

എന്താണ് മാന്ദ്യം?

Latest Videos

undefined

സമ്പദ്‌വ്യവസ്ഥയിലുടനീളമുള്ള സാമ്പത്തിക പ്രവർത്തനത്തിലെ ഗണ്യമായ ഇടിവാണ് മാന്ദ്യത്തെ നിർവചിക്കുന്നത്. ജിഡിപി, യഥാർത്ഥ വരുമാനം, തൊഴിൽ, വ്യാവസായിക ഉൽപ്പാദനം, മൊത്ത-ചില്ലറ വിൽപ്പന എന്നിവ കണക്കാക്കിയാണ് മാന്ദ്യം വിലയിരുത്തുന്നത്.  കൂടാതെ തുടർച്ചയായ രണ്ട് പാദങ്ങളിലെ നെഗറ്റീവ് വളർച്ചയും  മാന്ദ്യത്തെ സൂചിപ്പിക്കുന്നു.  

ജൂണിലെ 179,000 തൊഴിലവസരങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ 114,000 ജോലികൾ മാത്രമാണ് അമേരിക്കയിൽ   റിപ്പോർട്ട് ചെയ്തത്.  ഈ ഇടിവ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. യുഎസിലെയും കാനഡയിലെയും സ്ഥാപനങ്ങൾ സാങ്കേതികവിദ്യ, ഓട്ടോമോട്ടീവ്, സാമ്പത്തിക സേവനങ്ങൾ, നിർമ്മാണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ തങ്ങളുടെ തൊഴിലാളികളെ കുറയ്ക്കുന്നതും ആശങ്ക സൃഷ്ടിച്ചു.

ഇന്ത്യന്‍ ഓഹരി വിപണികളെ ബാധിക്കുമോ?

യുഎസിലെ മാന്ദ്യ ഭീഷണിയും രൂപയുടെ തകര്‍ച്ചയുമെല്ലാം ഓഹരി വിപണികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വിപണികളിലെ തകര്‍ച്ചയുടെ പ്രധാന കാരണം വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ്. വെള്ളിയാഴ്ച മാത്രം മൂവായിരം കോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ വിദേശ നിക്ഷേപക  സ്ഥാപനങ്ങള്‍ വിറ്റെഴിച്ചു. ഇന്ന് ഓഹരി വിപണി നിക്ഷേപകരുടെ നഷ്ടം 10 ലക്ഷം കോടിയോളം രൂപയാണ്. എന്നാല്‍ അധികം വൈകാതെ ഓഹരി വിപണി സ്ഥിരതയിലേക്ക് വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ഇന്ത്യ വിട്ട വിദേശ നിക്ഷേപകര്‍ അധികം വൈകാതെ ഇന്ത്യയിലേക്ക് തിരികെ വരും. കാരണം മറ്റ് പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ, ഓഹരി വിപണി എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വയ്ക്കുന്നത്.

നിലവില്‍ അമേരിക്കയില്‍ മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. തൊഴിലില്ലായ്മ നിരക്ക് കുറയുന്നതോടെ അമേരിക്കയെ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമാകുമെന്നും ഇവര്‍ പറയുന്നു.

click me!