അധികാരം ഏറ്റ് ഒരു മാസത്തിനുശേഷം ജൂലൈ 24ന് ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ബജറ്റ് മൻമോഹൻസിംഗ് അവതരിപ്പിച്ചു.
1991 ജൂൺ മാസം... നെതർലാൻഡിൽ വച്ച് നടന്ന ഒരു ഉന്നതതല യോഗത്തിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ ചെയർമാന് അർദ്ധരാത്രി ഒരു ഫോൺ സന്ദേശം. അങ്ങേത്തലക്കൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംറാവുവിന്റെ അടുത്തയാൾ പി.സി അലക്സാണ്ടർ. അടിയന്തരമായി പ്രധാനമന്ത്രി കാണണമെന്ന സന്ദേശം ആദ്യം അവഗണിച്ച അന്നത്തെ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ ചെയർമാൻ പിന്നീട് രാജ്യത്തിന്റെ ധനമന്ത്രിയായി രാഷ്ട്രപതി ഭവനിൽ ജൂൺ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യൻ സാമ്പത്തിക രംഗം കണ്ട ഏറ്റവും വലിയ പരിഷ്കരണത്തിന് തുടക്കം കുറിച്ച ഡോ. മൻമോഹൻസിംഗ് ആയിരുന്നു ആ യുജിസി ചെയർമാൻ. സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ തന്റെ വകുപ്പ് ഏതായിരിക്കും എന്ന് അറിഞ്ഞ ഏക മന്ത്രിയും ഡോ. മൻമോഹൻസിംഗ് ആയിരുന്നു. അത്രത്തോളം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു അന്നത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ. വെറും 2500 കോടി രൂപ മാത്രം വിദേശ നാണ്യ ശേഖരമുള്ള, ഉയർന്ന വിദേശ കടവും,നാണ്യപ്പെരുപ്പവും നിലനിൽക്കുന്ന രാജ്യത്തിന്റെ ധനമന്ത്രിയായിയാണ് ഡോ. മൻമോഹൻസിംഗ് എത്തിയത്.
അധികാരം ഏറ്റ് ഒരു മാസത്തിനുശേഷം ജൂലൈ 24ന് ഇന്ത്യ കണ്ട ഏറ്റവും ശക്തമായ ബജറ്റ് മൻമോഹൻസിംഗ് അവതരിപ്പിച്ചു. ഇന്ത്യ എമ്പാടും വലിയ പ്രതിഷേധത്തിനും വിമർശനങ്ങൾക്കും കാരണമായ ആ സാമ്പത്തിക പരിഷ്കരണങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വഴിത്തിരിവിന് വഴിവെച്ചു. അന്നത്തെ ബജറ്റിൽ അദ്ദേഹം അവതരിപ്പിച്ച പ്രധാനപ്പെട്ട പരിഷ്കരണങ്ങൾ ഇവയായിരുന്നു
1. പുതിയ സംരംഭം തുടങ്ങുന്നതിന് തടസ്സമായി നിന്നിരുന്ന ചുവപ്പുനാടയഴിക്കുന്ന ലൈസൻസ് രാജ് ഒഴിവാക്കൽ ആയിരുന്നു ഇതിൽ ഏറ്റവും പ്രധാനം. 18 മേഖലകളിൽ സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്ന പ്രഖ്യാപനം ധനമന്ത്രി ഡോക്ടർ മൻമോഹൻസിങ് അവതരിപ്പിച്ചു.
2. നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കി. 34 വ്യാവസായിക മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചു
3. രൂപയുടെ മൂല്യം കുറച്ച് കയറ്റുമതി മേഖലയ്ക്ക് കൂടുതൽ വരുമാനം കിട്ടുന്ന രീതിയിലുള്ള നടപടി കൈകൊണ്ടു
4. പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാറിന്റെ ഓഹരികൾ വിറ്റഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് സ്വകാര്യ നിക്ഷേപം ക്ഷണിച്ചു
5. കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ എല്ലാം നീക്കി,ഇറക്കുമതി ചുങ്കം കുത്തനെ കുറച്ചു
6. സർക്കാറിന്റെ അനാവശ്യമായ ചെലവുകൾ കണ്ടെത്തി അവ പൂർണ്ണമായും ഇല്ലാതാക്കി
7. ഓഹരി വിപണി ഇടപാടുകൾ നിയന്ത്രിക്കുന്നതിന് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിച്ചു