സ്വിഗ്ഗിയുമായി ഒന്നര കോടിയുടെ ഇടപാട് നടത്തി മാധുരി ദീക്ഷിത്ത്, ഇത് ഭക്ഷണത്തിനുള്ള ഓർഡർ അല്ല...

By Web TeamFirst Published Sep 19, 2024, 12:35 PM IST
Highlights

3 കോടി രൂപയുടെ സ്വിഗ്ഗി ഓഹരികള്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നാണ് മാധുരി ദീക്ഷിത്ത് വാങ്ങിയത്.

സെലിബ്രിറ്റികള്‍ സ്വിഗ്ഗിയുമായി ഇടപാടുകള്‍ നടത്തുന്നത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ മാത്രമല്ല, ഓഹരികള്‍ക്ക് കൂടിയാണ്. ബോളിവുഡ് താരം മാധുരി ദീക്ഷിത്താണ് ഏറ്റവുമൊടുവിലായി സ്വിഗിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. 1.5 കോടി രൂപയാണ് ഇതിന് വേണ്ടി അവര്‍ മുടക്കിയിരിക്കുന്നത്. അമിതാഭ് ബച്ചനും നേരത്തെ സ്വിഗ്ഗിയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. ഇന്നൊവേറ്റ് സ്ഥാപകന്‍ റിതേഷ് മാലിക്കിനൊപ്പം 1.5 കോടി രൂപ വീതം (ഓരോ ഓഹരിക്കും 345 രൂപ ) നല്‍കി 3 കോടി രൂപയുടെ സ്വിഗ്ഗി ഓഹരികള്‍ സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നാണ് മാധുരി ദീക്ഷിത്ത് വാങ്ങിയത്. സ്വിഗ്ഗി ജീവനക്കാരില്‍ നിന്നും ആദ്യകാല നിക്ഷേപകരില്‍ നിന്നും ആണ്  അമിതാഭ് ബച്ചന്‍ ഓഹരികള്‍ വാങ്ങിയത്. പ്രാഥമിക ഓഹരി വില്‍പന വഴി 10,400 കോടി രൂപ സമാഹരിക്കാനുള്ള ശ്രമങ്ങളിലാണ് സ്വിഗി. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൂല്യം 1.25 ലക്ഷം കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രാഥമിക ഓഹരി വില്‍പന നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക് മുമ്പാകെ സ്വിഗ്ഗി സമര്‍പ്പിച്ചിട്ടുണ്ട്.  

ഇന്ത്യയിലെ ഫുഡ് ഡെലിവറി വിപണിയിലെ രണ്ട് സുപ്രധാന കമ്പനികളില്‍ ഒന്നാണ്  ബെംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗി. ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോയാണ് മറ്റൊന്ന്. ഏകദേശം 90-95% വിപണി വിഹിതമാണ് ഇരു കമ്പനികള്‍ക്കുമുള്ളത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വിപണിയുടെ 53 ശതമാനവും സൊമാറ്റോയുടെ പക്കലാണ്.  സ്വിഗിയുടെ ആകെ വിപണി മൂല്യം 99,000 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ വിപണി മൂല്യത്തേക്കാള്‍ കുറവാണിത്. 1.60 ലക്ഷം കോടി രൂപയാണ് സൊമാറ്റോയുടെ വിപണി മൂല്യം

Latest Videos

2023-24 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗ്ഗിയുടെ വരുമാനം 36 ശതമാനം ഉയര്‍ന്ന് 11,247 കോടി രൂപയായപ്പോള്‍ നഷ്ടം 44 ശതമാനം കുറഞ്ഞ് 2,350 കോടി രൂപയായി. അതേസമയം, സൊമാറ്റോയുടെ വരുമാനം 12,114 കോടി രൂപയും ലാഭം 351 കോടി രൂപയുമാണ്. 2021ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം സൊമാറ്റോയുടെ ഓഹരികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 120 ശതമാനമാണ് ഉയര്‍ന്നത്.

click me!