ഈ 'ലുലു' ഇതാദ്യം! ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലിൽ സാന്നിധ്യം, അബുദാബി എയർപോർട്ടിൽ ലുലു ഡ്യൂട്ടി ഫ്രീ

By Web Team  |  First Published Nov 10, 2023, 4:44 PM IST

ചോക്ലേറ്റ്സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആകർഷകമായ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും


അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം  പ്രവര്‍ത്തനം ആരംഭിച്ച ടെര്‍മിനല്‍ എ യില്‍ ലുലു ഡ്യൂട്ടി ഫ്രീ ഔട്ട് ലെറ്റ് തുറന്നു. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചോക്ലേറ്റ്‌സ്, ഡ്രൈ ഫ്രൂട്ട്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ആകര്‍ഷകമായ നിരക്കില്‍ ഇവിടെ നിന്നും ലഭിക്കും. ഇമ്മിഗ്രേഷന്‍ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടി ഫ്രീ ഭാഗത്താണ് ലുലു ഔട്ട് ലെറ്റ്.  

യാത്ര പോകാന്‍ കാത്തിരിക്കുന്ന സ്ഥലത്തായത് കൊണ്ട് തന്നെ ലുലു ഡ്യുട്ടി ഫ്രീയില്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. ലോകോത്തര സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച അബുദാബി ടെര്‍മിനല്‍ എ യില്‍ ലുലു പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ലുലു ഡ്യൂട്ടി ഫ്രീ മികച്ച അനുഭവമായിരിക്കും നല്‍കുകയെന്നും  ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിത്തന്ന അബുദാബി ഭരണാധികാരികള്‍ക്ക് നന്ദി പറയുന്നുവെന്നും  അദ്ദേഹം പറഞ്ഞു.

Latest Videos

742,000 ചതുരശ്ര മീറ്റര്‍ ഉള്‍ക്കൊള്ളുന്ന ടെര്‍മിനല്‍ എ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ ഒന്നാണ്. ഓരോ വര്‍ഷവും 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. ഈ മാസം 15 മുതല്‍ ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ അബുദാബി, വിസ് എയര്‍ എന്നിവയുള്‍പ്പെടെ എല്ലാ എയര്‍ലൈനുകള്‍ക്കും ടെര്‍മിനല്‍ എ സേവനം നല്‍കും.

Read more: ലോക റെക്കോര്‍‍ഡിലിടം നേടിയ ലോകകപ്പ് മാതൃക തലസ്ഥാനത്തെ ലുലു മാളിലെത്തി

കഴിഞ്ഞ മാസമാണ് ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചത്. യുഎഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി  ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു.

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഷോപ്പിംഗ് വിസ്മയമാണ് ദുബായ് മാൾ. ലുലു ഗ്രൂപ്പിന്റെ 258- മത്തെതും യുഎഇയിലെ 104-മത്തേതുമാണ് ദുബായ് മാൾ ലുലു ഹൈപ്പർമാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ദുബായ് മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം പച്ചക്കറികൾ, ബേക്കറി, ഐ.ടി,  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത വൈവിധ്യമാർന്ന ഭക്ഷ്യോത്പ്പന്നങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!