കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ തുടങ്ങിയ നിയമനടപടി എന്നിവയ്ക്ക് ശേഷം നിക്ഷേപകർക്കുണ്ടായ നഷ്ടം 7 ലക്ഷം കോടി രൂപയാണ്.
അദാനി ഗ്രൂപ്പ് ഓഹരികൾക്ക് കനത്ത തിരിച്ചടിയായി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടായ വിവാദങ്ങൾ. രാജ്യത്തിന്റെ വ്യാപാര വ്യവസായ മേഖലയിൽ ഏതാനും വർഷങ്ങൾ കൊണ്ട് വെന്നിക്കൊടി പാറിച്ച അദാനി ഗ്രൂപ്പിന്റെ ഓഹരികൾ രണ്ടേ രണ്ട് വിവാദങ്ങൾ കൊണ്ട് നേരിട്ടത് വൻ നഷ്ടമാണ്. കഴിഞ്ഞവർഷം അദാനിക്കെതിരെ പുറത്തുവന്ന ഹിൻഡൻ ബർഗ് റിപ്പോർട്ട്, കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ തുടങ്ങിയ നിയമനടപടി എന്നിവയ്ക്ക് ശേഷം നിക്ഷേപകർക്കുണ്ടായ നഷ്ടം 7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ജനുവരി 23ന് അദാനിക്കെതിരായി ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന്റെ തലേദിവസം അദാനി ഗ്രൂപ്പിലെ പത്ത് ഓഹരികളുടെ ആകെ വിപണിമൂല്യം 19.24 ലക്ഷം ആയിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ അദാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 12.24 ലക്ഷം കോടി രൂപയായി കുറഞ്ഞു. നവംബർ 21ആം തീയതി മാത്രം നിക്ഷേപകരുടെ ആകെ നഷ്ടം 2.2 ലക്ഷം കോടി രൂപയാണ്.
ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷം അദാനി ഗ്രൂപ്പ് ഓഹരികളിൽ ഉണ്ടായ ഇടിവ് ക്രമേണ തിരിച്ചു പിടിക്കാൻ ഓഹരികൾക്കായി. ഈ വർഷം ജൂൺ 3 ആയപ്പോഴേക്കും അദാനി ഓഹരികളുടെ ആകെ വിപണിമൂല്യം 19.42 ലക്ഷം കോടി ആയി. ഇതിനിടെ സെബി ചെയർപേഴ്സനുമായി ബന്ധപ്പെട്ട വിവാദങ്ങൾ വന്നതോടെ വീണ്ടും ഇടിവുണ്ടായി. ആഗോളതലത്തിൽ ഓഹരികളിലെ ഇടിവും, വിദേശനിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിക്കുകയും കൂടി ചെയ്തതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉണ്ടായ ഇടിവ് അദാനി ഗ്രൂപ്പ് ഓഹരികളെയും പ്രതികൂലമായി ബാധിച്ചു. നവംബർ 19 ആയപ്പോഴേക്കും അദാനി ഗ്രൂപ്പ് ഓഹരികളുടെ ആകെ മൂല്യം 14.49 ലക്ഷം കോടിയായി കുറഞ്ഞു. അതിനുശേഷം കഴിഞ്ഞദിവസം പുറത്തുവന്ന അമേരിക്കയിൽ നിന്നുള്ള നിയമനടപടികൾ കൂടി ആയതോടെ അദാനി ഓഹരികൾ തകർന്നടിഞ്ഞു.
അടിക്കടി വിവാദങ്ങൾ ഉണ്ടാവുകയും ഓഹരികളിൽ വലിയ വലിയ ചാഞ്ചാട്ടം ഉണ്ടാവുകയും ചെയ്തതോടെ അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന നിക്ഷേപകരോട് ജാഗ്രത പാലിക്കണം എന്നാണ് വിദഗ്ധരാവശ്യപ്പെടുന്നത്.