കോടികളുടെ കരാർ നൽകി സപ്‌ളൈക്കോ; ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

By Web Team  |  First Published Aug 6, 2022, 12:26 PM IST

കോടികളുടെ കരാർ നൽകി സപ്‌ളൈക്കോ. സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള ഓണകിറ്റിൽ കുടുബശ്രീയുടെ ഉത്പന്നങ്ങളും.



തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള ഓണകിറ്റുകൾ ഒരുങ്ങി തുടങ്ങി. ഇത്തവണയും ഓണകിറ്റിൽ കുടുംബശ്രീയുടെ മധുരം ഉണ്ടാകും. സപ്‌ളൈക്കോ നൽകുന്ന ഓണകിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും കുടുബശ്രീയുടേതായിരിക്കും. സപ്‌ളൈക്കോ 12.89 കോടി രൂപയുടെ ഓർഡർ ആണ് ഇതിനായി കുടുംബശ്രീയ്ക്ക് നൽകിയിരിക്കുന്നത്. 

കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സപ്‌ളൈക്കോയ്ക്ക് നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയുമാണ് കരാർ പ്രകാരം നൽകുക. ആകെ 42,63,341 പായ്ക്കറ്റുകളാണ് സപ്‌ളൈക്കോയ്ക്ക് ആവശ്യം. ഇതിലൂടെ ഒരു പായ്‌ക്കറ്റിന് ജി.എസ്.ടി ഉൾപ്പെടെ 30.24 രൂപ നിരക്കിൽ കുടുംബശ്രീ സംരംഭകർക്ക് ലഭിക്കും.  100 ഗ്രാം വീതമുള്ളതായിരിക്കും ഓരോ പായ്ക്കറ്റും. 

Latest Videos

Read Also: ആദ്യം കുറച്ചു, ഇപ്പൊ കൂട്ടി; 'കൊതിപ്പിച്ച് കടന്നുകളഞ്ഞ്' സ്വർണവില

മുന്നൂറിലേറെ വരുന്ന, സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് നേന്ത്രക്കായ ചിപ്സ്, ശർക്കരവരട്ടി എന്നിവയുടെ നിർമാണവും വിതരണവും. ഓഗസ്റ്റ് 20 നുള്ളിൽ കരാർ പ്രകാരമുള്ള ഉത്പന്നങ്ങൾ സപ്‌ളൈക്കോയ്ക്ക് കൈമാറാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

സപ്‌ളൈക്കോയുടെ കീഴിലുള്ള 56 സ്റ്റോറുകളിലേക്കാണ് കുടുംബശ്രീ ഉത്പന്നങ്ങൾ എത്തിക്കുക. നിലവിൽ ഈ പ്രവർത്തങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഈ ഉത്‌പന്നങ്ങളുടെ നിർമാണവും വിതരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും നിർവഹിക്കുന്നതിനും ജില്ലാ മിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read Also: പ്രവാസികൾക്ക് ആശ്വസിക്കാം; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം

ശർക്കര വരട്ടിയും നേന്ത്രക്കായ ചിപ്സും തയ്യാറാക്കാനുള്ള നേന്ത്രക്കായ സംഭരിക്കുകയാണ് കുടുംബശ്രീ ആദ്യം ചെയ്തത്. പൊതുവിപണിയിൽ നിന്നും കൂടാതെ സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ വരുന്ന കുടുംബശ്രീ വനിതാ കർഷക സംഘങ്ങളിൽ നിന്നുമാണ് നേന്ത്രക്കായ  സംഭരിച്ചത്. 

വിയവിധ കുടുംബശ്രീ യൂണിറ്റുകൾ അവരുടെ ഉത്‌പന്നങ്ങൾ സ്റ്റോറുകളിലേക്ക് എത്തിക്കുന്ന മുറയ്‌ക്കാണ്‌ പണം നല്കുക. സംരംഭകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്ന രീതിയാണ് സപ്‌ളൈക്കോ സ്വീകരിച്ചിരിക്കുന്നത്. 

Read Also: ഇഎംഐ പോക്കറ്റ് കാലിയാക്കും; ഭവനവായ്പ നിരക്കുകൾ ഉയർന്നേക്കും

2021 ലും ഓണകിറ്റിലേക്ക് കുടുബശ്രീയുടെ ഉത്പന്നങ്ങൾ എത്തിയിരുന്നു. കഴിഞ്ഞ വർഷം ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ 41.17 ലക്ഷം പായ്ക്കറ്റ് നൽകുന്നതിനുള്ള ഓർഡറാണ് ലഭിച്ചത്. കരാർ പ്രകാരം ഉത്‌പന്നം എത്തിച്ച് നൽകിയതോടെ 11.99കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭകർ അന്ന് നേടിയത്.
 
 

click me!