20 രൂപ മുതൽ 120 രൂപ വരെയുള്ള ദേശീയ പതാകകൾ; കോടികൾ വരുമാനം നേടാൻ കുടുബശ്രീ

By Web Team  |  First Published Aug 6, 2022, 2:17 PM IST

50 ലക്ഷം ദേശീയ പതാകകളാണ് കുടുംബശ്രീ നിർമ്മിക്കുന്നത്. 20 രൂപ മുതൽ 120 രൂപ വരെയുള്ള ദേശീയ പതാകകൾ നിർമ്മിച്ച് നൽകുന്നതിലൂടെ കോടികളായിരിക്കും കുടുംബശ്രീയുടെ വരുമാനം 


തിരുവനന്തപുരം: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 50 ലക്ഷം ദേശീയ പതാകകൾ നിർമ്മിക്കാൻ കുടുംബശ്രീ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് 2022 ഓഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തും. ഇതിനാവശ്യമായ ദേശീയ പതാകകൾ ആണ് കുടുംബശ്രീ നിർമ്മിച്ച് നൽകുക.

സംസ്ഥാനത്ത് കുടുംബശ്രീയുടെ തയ്യൽ യൂണിറ്റുകളിൽ പതാക നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.  കുടുംബശ്രീയുടെ കീഴിലുള്ള 700ഓളം തയ്യൽ യൂണിറ്റുകളിൽ 4000-ത്തോളം കുടുംബശ്രീ അംഗങ്ങളാണ്  പതാക നിർമ്മിക്കുന്നത്. 28 ലക്ഷം പതാകകൾ നിർമിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതുവരെ പൂർത്തിയായി.

Latest Videos

Read Also: കോടികളുടെ കരാർ നൽകി സപ്‌ളൈക്കോ; ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

ദേശീയ പതാകയുടെ അളവായ  3:2 എന്ന അനുപാതത്തിൽ തന്നെയാണ് കുടുംബശ്രീ അംഗങ്ങൾ പതാക നിർമ്മിക്കുന്നത്. ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് ദേശീയ പതാകകൾ നിർമ്മിച്ചിരിക്കുന്നത്. 20 രൂപ മുതൽ 120 രൂപ വരെയാണ് പതാകയുടെ വില. ഇതിലൂടെ ഒരു കോടിയിലേറെ വരുമാനം കുടുബശ്രീക്ക് നേടാനാകും. 

സ്കൂളുകൾക്ക് ആവശ്യമായ പതാകകളുടെ എണ്ണം സ്കൂൾ അധികൃതർ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം. പതാകകൾ ആവശ്യമായ വീടുകളുടെ എണ്ണവും  അതത് തദ്ദേശ സ്ഥാപനങ്ങൾ അതത് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ അറിയിക്കണം. നിർമാണം പൂർത്തിയായാലുടൻ കുടുംബശ്രീ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറും.
 
Read Also:പ്രവാസികൾക്ക് ആശ്വസിക്കാം; വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകൾ അടയ്ക്കാം


 എല്ലാ ജില്ലകളിലെയും കുടുംബശ്രീ ഉദ്യോഗസ്ഥർ, കുടുംബശ്രീ ത്രിതല സംവിധാനത്തിന്റെ ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമാകും. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർക്കാണ് അതത് ജില്ലകളിലെ അനുബന്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല. ആവശ്യമെങ്കിൽ, പ്രോഗ്രാമിൽ അധിക യൂണിറ്റുകൾ ഉൾപ്പെടുത്തും. കൂടാതെ സംസ്ഥാനത്തെ 45 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയർത്തും. അതാത് സിഡിഎസുകൾ വഴി ഇത് ഉറപ്പാക്കും.
 
'ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയോടനുബന്ധിച്ച് ദേശീയ പതാകയ്ക്ക് ആദരവ് നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കുന്ന 'ഹർ ഘർ തിരംഗ' കാമ്പയിന്റെ ഭാഗമായാണ് പതാക ഉയർത്തൽ. 

click me!