'ബജറ്റ് കേരളാവിരുദ്ധം, തൊഴിലുറപ്പ് വിഹിതവും വെട്ടി', മോദി സർക്കാരിന്റെ ജീവൻ രക്ഷിക്കാൻ മാത്രമെന്നും ബാലഗോപാൽ

By Web TeamFirst Published Jul 23, 2024, 2:40 PM IST
Highlights

ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണുണ്ടാക്കിയത്.

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ കേരളത്തിനോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണുണ്ടാക്കിയത്. മോദി സർക്കാരിന്റെ ജീവന് വേണ്ടിയുള്ള രാഷ്ട്രീയ വ്യായാമം മാത്രമാണ് ബജറ്റിൽ കണ്ടതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. 

കേരളത്തിന് ഒരു പരിഗണയും കിട്ടിയില്ല. കടപരിധി വെട്ടിക്കുറച്ചതിൽ പോലും ഒന്നും പറഞ്ഞില്ല.  24,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം അവഗണിച്ചു. രാജ്യത്തിന് മുതൽക്കൂട്ടാകുന്ന വിഴിഞ്ഞത്തിന് ഒരു രൂപ പോലും മാറ്റി വച്ചില്ല. എയിസ് കിട്ടുമെന്ന് വാഗ്ധാനങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നും കേരളത്തിന് വേണ്ടി മാറ്റിവെച്ചില്ല. കേരളത്തിലെ ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാകും കേരളത്തിന്റെ അവഗണനക്കെതിരെ നിലപാട് എടുക്കണം. 

Latest Videos

'ബീഹാറിനും ആന്ധ്രക്കും വാരിക്കോരി, കേരളമെന്ന വാക്ക് പോലും ബജറ്റിലില്ല'; വിമർശനവുമായി വിഡി സതീശൻ

രാജ്യത്തിന്റെ ആരോഗ്യമല്ല, പകരം മോദി സർക്കാരിന്റെ ആയുസും ആരോഗ്യവും സംരക്ഷിക്കാനാണ് ഈ ബജറ്റ്. ബജറ്റ് കാണുമ്പോൾ സർക്കാർ അധിക കാലം മുന്നോട്ട് പോകില്ലെന്ന് പേടിയുള്ള പോലെ തോന്നും. ഇത്ര വലിയ അവഗണന കേരളം ഇതിന് മുൻപ് നേരിട്ടിട്ടില്ല. ഫെഡറലിസത്തെ കുറിച്ച് പറയാൻ മോദിക്ക് ഒരു അർഹതയും ഇല്ല. തൊഴിൽ അടക്കം പല മേഖലയിലും പ്രഖ്യാപനങ്ങൾ മാത്രമാണുളളത്. തൊഴിലുറപ്പ് പദ്ധതി വിഹിതം പോലും വെട്ടിക്കുറച്ചു. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിൽ പോലും വേണ്ടത‌ നീക്കിയിരിപ്പില്ല. പത്ത് ലക്ഷം തസ്തിക കേന്ദ്ര സർക്കാരിൽ ഒഴിഞു കിടക്കുന്നു, അത് പോലും പരിഗണിച്ചില്ല. സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കുന്ന പ്രഖ്യാപനം എത്ര മാത്രം നടപ്പാകുമെന്ന് ഉറപ്പില്ല.  

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതങ്ങള്‍ സംബന്ധിച്ച കേന്ദ്ര ബജറ്റ് രേഖകള്‍ കേരളത്തിനുള്ള വിഹിതങ്ങള്‍ വര്‍ഷം തോറും വലിയ തോതില്‍ കുറയുന്നതായി സംശയരഹിതമായി ബോധ്യപ്പെടുത്തുന്നു.  കേരളത്തിന് മാത്രമാണ് ഇത്തരത്തില്‍ കുറവ് വരുന്നത്.  47,000 കോടി രൂപ കിട്ടേണ്ടിടത്ത് 33,000 കോടി രൂപയായി കുറയുകയും, ഈ വര്‍ഷമത് 11,000 കോടി രൂപയിലേക്ക് കുത്തനെ ഇടിയുകയും ചെയ്തതതായി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.  കേരളത്തിന്റെ ആകെ ചെലവിന്റെ 21 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതങ്ങളില്‍ നിന്ന് ലഭ്യമാകുന്നത്.  അതേസമയം ബീഹാറിന് 71 ശതമാനവും ഉത്തര്‍പ്രദേശിന് 47 ശതമാനവും കേന്ദ്രവഹിതം ലഭിക്കുന്നു.  ഇന്ത്യന്‍ ശരാശരി 48 ശതമാനമാണ്.  എന്നാല്‍ കേരളത്തിന് മാത്രം 21 ശതമാനമേ ലഭിക്കുന്നുള്ളൂ എന്നത് റിസര്‍വ്വ് ബാങ്കും അംഗീകരിച്ചിട്ടുള്ള കാര്യമാണ്.  ഇത്തരത്തിലുള്ള അന്തരങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്ന സമീപനമാണ് ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.  ഈ നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരുത്തണം.  സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം ലഭ്യമാക്കണം

 

click me!