ആയിരം രൂപ മുതൽ നിക്ഷേപിക്കാം. കാലാവധി കഴിഞ്ഞാൽ ഇരട്ടി തുക തിരികെ ലഭിക്കും. സർക്കാർ പിന്തുണയുള്ള ഈ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം
സർക്കാരിന്റെ പിന്തുണയോടെ സാധാരണക്കാർക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിനുണ്ട്. സാധാരണയായി മറ്റ് നിക്ഷേപ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ പലിശ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. നിക്ഷേപത്തിൽ റിസ്കുകൾ എടുക്കാൻ താല്പര്യമില്ലാത്ത വ്യക്തികൾക്ക് തപാൽ വകുപ്പിന്റെ കീഴിലുള്ള കിസാൻ വികാസ് പത്ര എന്ന ചെറു സമ്പാദ്യ പദ്ധതി തിരഞ്ഞെടുക്കാം. നൽകുന്ന പണം ഇരട്ടിയായി തിരികെ ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
Read Also: ആധാർ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; യുഐഡിഎഐയുടെ മാർഗനിർദേശം
എന്താണ് കിസാൻ വികാസ് പത്ര
കിസാൻ വികാസ് പത്ര പദ്ധതി 1988 ലാണ് ആരംഭിച്ചത്. പദ്ധതിക്കു കീഴിൽ നിലവിൽ 6.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 124 മാസമാണ് പദ്ധതിയുടെ കാലാവധി അതായത് 10 വർഷവും നാലു മാസവും. ഈ കാലയളവിനുള്ളിൽ നിക്ഷേപ തുക ഇരട്ടിയായി ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
കിസാൻ വികാസ് പത്ര കാൽക്കുലേറ്റർ
പ്രതിവർഷം 6.9 ശതമാനമാണ് കിസാൻ വികാസ് പത്രയുടെ പലിശ. അതേസമയം, ഒരു അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്, പരമാവധി തുക എത്രയാണെന്ന് പരിധിയില്ല. ഏറ്റവും പ്രധാനപ്പെട്ട വസ്തുത എന്താണെന്നാൽ ത്രൈമാസ അടിസ്ഥാനത്തിൽ സർക്കാർ പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ പരിഷ്കരിക്കുമെന്ന് നിക്ഷേപകർ അറിഞ്ഞിരിക്കണം.
ആർക്കൊക്കെ നിക്ഷേപിക്കാം
തപാൽ വകുപ്പിന്റെ നിർദേശം അനുസരിച്ച് പ്രായപൂർത്തിയായവർക്ക് അക്കൗണ്ട് ആരംഭിക്കാം. സിംഗിൾ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും ആരംഭിക്കാം. മാത്രമല്ല, പ്രായപൂർത്തിയാകാത്ത, കുട്ടികൾക്ക് വേണ്ടി രക്ഷാകർത്താവിനും അക്കൗണ്ട് ആരംഭിക്കാം.
Read Also: ഇന്ത്യയിലേക്കുള്ള റഷ്യയുടെ കപ്പലോട്ടം തുടരുന്നു; കയറ്റുമതിയിൽ ഇടിവ്
പിൻവലിക്കൽ
ഒരു കിസാൻ വികാസ് പത്ര അക്കൗണ്ടിൽ നിന്ന് അകാല പിൻവലിക്കലുകൾ അനുവദിനീയമാണ്. എന്നാൽ ചില നിബന്ധനകളിൽ മാത്രമേ പിൻവലിക്കാൻ സാധിക്കൂ. അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ, ജപ്തി സാദ്ധ്യതകൾ നിലനിൽക്കുമ്പോൾ, അല്ലെങ്കിൽ കോടതി ഉത്തരവ് പ്രകാരം പിൻവലിക്കാം.