ക്രെഡിറ്റ് കാര്‍ഡിന്റെ പകരക്കാരനായി ബിഎന്‍പിഎല്‍ കളം പിടിക്കുകയാണോ?

By Web Team  |  First Published Dec 15, 2022, 1:46 PM IST

ഉത്പന്നങ്ങൾ വാങ്ങൂ പണം പിന്നീട് നൽകിയാൽ മതിയെന്ന വ്യവസ്ഥയുമായി എത്തിയ ബിഎന്‍പിഎല്‍. ഇന്ന് ക്രെഡിറ്റ് കാർഡിനൊപ്പം ഇടം പിടിക്കുന്ന ബിഎന്‍പിഎല്‍ 
 


ഹ്രസ്വകാല വായ്പ സേവനമായ 'ബൈ നൗ പേ ലേറ്റര്‍' അഥവാ ബിഎന്‍പിഎല്‍ അനുദിനം ജനപ്രീതിയാര്‍ജിക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് തരംഗം സൃഷ്ടിച്ചതിനു പിന്നാലെയാണ് ഉത്പന്നങ്ങള്‍ തത്ക്ഷണം വാങ്ങി പണം പിന്നീട് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയോടെ ബിഎന്‍പിഎല്‍ അരങ്ങിലേക്ക് അവതരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചടച്ചാല്‍ മതിയെന്ന ആനുകൂല്യം നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളോട് ബിഎന്‍പിഎല്‍ സേവനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ സാമ്യത ഏറെയുണ്ടെങ്കിലും അടിസ്ഥാനപരമായി ചില വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ട്.

വായ്പകള്‍ അതിവേഗത്തില്‍ ലഭ്യമാകുന്നതും ഇടപാടുകള്‍ക്ക് ചെലവിടാനുള്ള പ്രാപ്തി വര്‍ധിപ്പിക്കുന്നതുമാണ് ബിഎന്‍പിഎല്‍ സേവനങ്ങളുടെ ഏറ്റവും വലിയ സവിശേഷത. ഇതിലൂടെയുള്ള പണമിടപാടുകള്‍ സുരക്ഷിതവും മൊത്തം നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ്. കൂടാതെ ബിഎന്‍പിഎല്‍ സേവനം താരതമ്യേന വേഗത്തില്‍ ലഭ്യമാകുകയും ചെയ്യുന്നു. അതായത്, വലിയ വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കാന്‍ സാധ്യതയില്ലാത്ത യുവാക്കളെയാണ് ബിഎന്‍പിഎല്‍ സേവനദാതാക്കള്‍ ലക്ഷ്യമിടുന്നതെന്ന് സാരം. അതേസമയം നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കും ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്കുമാണ് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാനും അനുവദിച്ചു കിട്ടാനും സാധ്യതയുള്ളൂ.

Latest Videos

undefined

അതുപോലെ മറ്റൊരു പ്രധാന വ്യത്യാസം, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തി പണം സ്വീകരിക്കുന്ന ഏതു ബിസിനസിലും കാര്‍ഡ് ഉടമകള്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതാണ്. പക്ഷേ, ബിഎന്‍പിഎല്‍ മുഖേനയാകട്ടെ വ്യാപാര പങ്കാളിയുമായി മാത്രമേ ഇടപാട് നടത്താനാകൂ.

അതേസമയം, ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിന് 50 ദിവസത്തോളം വരെ പലിശ രഹിത ഇടവേളകള്‍ ലഭിക്കും. ബിഎന്‍പിഎല്‍ സേവനങ്ങളുടെ കാര്യത്തില്‍ സൗജന്യ കാലയളവ് പൊതുവില്‍ 1 മുതല്‍ 15 ദിവസം വരെയാണുള്ളത്. എന്നാല്‍ ഈ രണ്ടുതരം സേവനങ്ങളിലും ഉപയോക്താക്കള്‍ യഥാസമയം തുക തിരിച്ചടയ്ക്കുന്നില്ലെങ്കില്‍ ചാര്‍ജുകളും പിഴത്തുകയും ഉയര്‍ന്ന നിരക്കിലേക്ക് വേഗത്തില്‍ മാറുകയും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

എന്തായാലും രാജ്യത്തെ ബിഎന്‍പിഎല്‍ ഇടപാടുകള്‍ അതിവേഗത്തില്‍ കുതിച്ചുയരുകയാണ്. 2022-ലെ ആദ്യ പകുതിയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, രാജ്യത്തെ ബിഎന്‍പിഎല്‍ ഇടപാടുകള്‍ 21 ശതമാനം നിരക്കിലാണ് വളരുന്നത്. ഇതു ആഗോള നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിലയിലാണുള്ളതെന്നും സമാന മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആഗോള തലത്തില്‍ ബിഎന്‍പിഎല്‍ വിപണിയുടെ വലിപ്പം 2021 വര്‍ഷത്തില്‍ 501 കോടി ഡോളറായിരുന്നു. ഇവിടെ നിന്നും 2030 വരെയുള്ള കാലയളവില്‍ 26 ശതമാനം സംയോജിത വാര്‍ഷിക നിരക്കില്‍ ബിഎന്‍പിഎല്‍ വിപണി വളരുമെന്നാണ് അനുമാനം.

click me!