എൻആർഐകളുടെ പാൻ-ആധാർ തർക്കം; കേന്ദ്രബജറ്റിൽ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ

By Web Team  |  First Published Jan 16, 2024, 6:17 PM IST

2023ൽ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഈ പരിധി 5 ലക്ഷം രൂപയിൽ നിന്ന് 7 ലക്ഷം രൂപയായി ധനമന്ത്രി നിർമ്മല സീതാരാമൻ  ഉയർത്തിയിരുന്നു. ഈ വർഷം, ഇത് 50,000 രൂപ കൂട്ടി 7.5 ലക്ഷം രൂപയായി ഉയർത്താൻ കഴിയുമെന്ന് നികുതി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
 


പൊതു തെരഞ്ഞെടുപ്പ് തീയതി അടുത്തുകൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായി ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റും പ്രഖ്യാപിക്കും. സാധാരണഗതിയിൽ, തെരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ് ഒരു വോട്ട് ഓൺ അക്കൗണ്ട് മാത്രമായതിനാൽ കാര്യമായ പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. എന്നാൽ  പൂർണമായും അങ്ങനെ വിശ്വസിക്കാനും സാധിക്കില്ല. 2019 ഫെബ്രുവരിയിൽ അന്നത്തെ ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയൽ നികുതി ഇളവ് പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു .   ഇതേ മാതൃകയിൽ ആദായ നികുതി പരിധി ഉയർത്തണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.

പണപ്പെരുപ്പം കണക്കിലെടുത്ത് അടിസ്ഥാന നികുതി ഇളവ് പരിധി 50,000 രൂപ കൂടി വർധിപ്പിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ കഴിഞ്ഞ വർഷം ഇത് 2.5 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിപ്പിച്ചിരുന്നു, എന്നാൽ ഇത് കൂടുതൽ വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഇവർ പറയുന്നു. എന്നിരുന്നാലും, ഈ നീക്കം സമ്പന്നർ ഉൾപ്പെടെ എല്ലാ   നികുതിദായകർക്കും പ്രയോജനം ചെയ്യുന്നതിനാൽ സർക്കാരിന് ഉയർന്ന നികുതി വരുമാനം നഷ്ടമാകും. അതിനാൽ, നികുതി റിബേറ്റ് പരിധിയെങ്കിലും ഉയർത്തുന്നത് സർക്കാരിന് പരിഗണിക്കാമെന്നാണ് ഇവരുടെ അഭിപ്രായം.

2023ൽ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ഈ പരിധി 5 ലക്ഷം രൂപയിൽ നിന്ന് 7 ലക്ഷം രൂപയായി ധനമന്ത്രി നിർമ്മല സീതാരാമൻ  ഉയർത്തിയിരുന്നു. ഈ വർഷം, ഇത് 50,000 രൂപ കൂട്ടി 7.5 ലക്ഷം രൂപയായി ഉയർത്താൻ കഴിയുമെന്ന് നികുതി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇതിന് പുറമേ കഴിഞ്ഞ വർഷം, പ്രവർത്തനരഹിതമായ പാൻ കാരണം നിരവധി പ്രവാസി ഇന്ത്യക്കാർക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.  ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ അവരുടെ പാൻ പ്രവർത്തനരഹിതമായതിനാൽ എൻആർഐകളുടെ നികുതി റീഫണ്ടുകൾ തടസ്സപ്പെട്ടു. എന്നാൽ, പ്രവാസികൾക്ക് ആധാർ എടുക്കാൻ അനുമതിയില്ല എന്നതാണ് വസ്തുത.  പ്രാദേശിക അസസ്‌മെന്റ് ഓഫീസർമാർ  ഇക്കാര്യം ശ്രദ്ധിക്കുമെന്ന്  എൻആർഐകൾക്ക് ഉറപ്പുനൽകിയെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം ധനമന്ത്രി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

2020 മുതൽ, നികുതിദായകർക്ക് രണ്ട് തരത്തിലുള്ള റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. ഇത് നികുതി ആസൂത്രണ പ്രക്രിയയെ സങ്കീർണ്ണമാക്കുക മാത്രമാണ് ചെയ്തതെന്ന് ചില നികുതി വിദഗ്ധർ കരുതുന്നു. ഒരു നികുതി വ്യവസ്ഥ മാത്രമേ സർക്കാർ ഏർപ്പെടുത്താവൂവെന്ന് ഇവർ പറയുന്നു. രണ്ട് നികുതി വ്യവസ്ഥകളും ഒരുമിച്ച് വന്നത് നികുതിദായകരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുന്നതായും പരാതി ഉയരുന്നുണ്ട്.

click me!