രാജ്യത്തെ ഗോതമ്പ് ശേഖരം ഇടിഞ്ഞു; ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

By Web Team  |  First Published Dec 14, 2022, 12:28 PM IST

ഗോതമ്പ് വില ഉയർന്നേക്കും. ഡിസംബറിൽ ഇന്ത്യയിലെ ഗോതമ്പ് സ്റ്റോക്കുകൾ 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കെന്ന് കണക്കുകൾ 
 


ദില്ലി: രാജ്യത്തെ ഗോതമ്പ് ശേഖരം ഡിസംബറിൽ ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്.  സർക്കാർ വെയർഹൗസുകളിൽ സൂക്ഷിച്ചിരുന്ന ഗോതമ്പ് ശേഖരം കുറഞ്ഞതായി സർക്കാർ ഇന്നലെ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. വർദ്ധിച്ചു വരുന്ന ആവശ്യകതയും വിളവ് കുറഞ്ഞതും ഗോതമ്പിന്റെ വിലയെ റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചിരുന്നു. 

ഗോതമ്പ് വില കുറയ്ക്കാൻ സർക്കാർ വെയർഹൗസുകളിലെ സ്റ്റോക്കുകൾ പുറത്തിറക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ ഉണ്ടായിരുന്നു.  37.85 ദശലക്ഷം ടണ്ണിൽ നിന്ന് സംസ്ഥാന വെയർഹൗസുകളിലെ  ഗോതമ്പ് ശേഖരം ഈ മാസത്തിന്റെ തുടക്കത്തിൽ 19 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തയ്യാറാക്കിയ കണക്കുകൾ പ്രകാരം നവംബറിൽ സർക്കാരിന്റെ കരുതൽ ശേഖരം 2 ദശലക്ഷം ടൺ കുറഞ്ഞു.

Latest Videos

undefined

ഇതിനു മുൻപും രാജ്യത്തെ ഗോതമ്പ് ശേഖരത്തിൽ കുറവ് വന്നിരുന്നു. 2014-ലും 2015-ലും തുടർച്ചയായ വരൾച്ച കാരണം ഗോതമ്പ് ശേഖരം 16.5 ദശലക്ഷം ടണ്ണായി കുറഞ്ഞിരുന്നു. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ രാജ്യത്തെ ഗോതമ്പ് ശേഖരം. 

നാല് മാസത്തിന് ശേഷം മാത്രമേ പുതിയ വിളവെടുപ്പ് ഉണ്ടാകൂ. വില കുറയ്ക്കാനുള്ള സർക്കാർ ശ്രമങ്ങൾ കൂടുതൽ പ്രയാസകരമാകുകയാണ് എന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു. വില കുറയ്ക്കാൻ ഒരു മാസത്തിൽ 2 ദശലക്ഷം ടണ്ണിൽ കൂടുതൽ കരുതൽ ശേഖരം പുറത്തിറക്കാൻ സാധിക്കില്ല. കർഷകരുടെ വിതരണം ഏതാണ്ട് നിലച്ചതിനാൽ വില കൂടാനുള്ള സാധ്യതയുമുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉൽപ്പാദക രാജ്യമായിരുന്നിട്ടും, വിളവെടുപ്പിൽ പെട്ടെന്നുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഗോതമ്പിന്റെ വില ഉയർത്തുകയാണ്.  മെയ് മാസത്തിൽ കയറ്റുമതി നിരോധനം നടപ്പാക്കിയെങ്കിലും ഇന്ത്യയിൽ ഗോതമ്പ് വില കുതിച്ചുയർന്നു.മെയ് മാസത്തിൽ കയറ്റുമതി നിരോധനത്തിന് ശേഷം പ്രാദേശിക ഗോതമ്പ് വില ഏകദേശം 28 ശതമാനം ഉയർന്ന് ടണ്ണിന് 26,785 രൂപയായി.
 
പുതിയ സീസണിൽ ഗോതമ്പ് ഉൽപ്പാദനം സാധാരണ നിലയിലേക്ക് ഉയരുമെങ്കിലും ഏപ്രിൽ മുതൽ പുതിയ വിളവെടുപ്പ് ഉണ്ടാകുന്നത് വരെ വില ഉയരും.

click me!