'അബിബാസ്, നെക്കി, പോമ', വ്യാജ ബ്രാൻഡുകളും അണിഞ്ഞുകൊണ്ട് ഈ രാജ്യത്തേക്ക് പോകാനാകില്ല, പിടിവീഴും

By Web Team  |  First Published Jun 22, 2024, 9:09 AM IST

ഒറിജിനൽ അല്ലാത്ത ബ്രാന്റഡ് വസ്ത്രങ്ങളണിഞ്ഞ് അമേരിക്കയിലേക്ക് യാത്ര ചെയ്താൽ വിവരമറിയും. ഒരു പക്ഷെ വലിയ പിഴ തന്നെ നൽകേണ്ടി വന്നേക്കാം.


നാം ഉപയോഗിക്കുന്ന ബ്രാന്റഡ് ഉൽപ്പന്നങ്ങളെല്ലാം ഒറിജിനലാണോ? ഇനി ഒറിജിനൽ അല്ലെങ്കിൽ എന്താണ് പ്രശ്നം?. ഒറിജിനൽ അല്ലാത്ത ബ്രാന്റഡ് വസ്ത്രങ്ങളണിഞ്ഞ് അമേരിക്കയിലേക്ക് യാത്ര ചെയ്താൽ വിവരമറിയും. ഒരു പക്ഷെ വലിയ പിഴ തന്നെ നൽകേണ്ടി വന്നേക്കാം. വ്യാജ ബ്രാന്റുകളെ കണ്ടെത്തുന്നതിന് അമേരിക്കയിലെ വിമാനത്താവളങ്ങളിലെല്ലാം കർശന പരിശോധനയാണ് നടത്തുന്നത്. വലിയ വില കൊടുത്ത് വാങ്ങിയ ബ്രാന്റഡ് ഉൽപ്പന്നളെല്ലാം വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ ഇവയെല്ലാം യുഎസ് കസ്റ്റംസ്  കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യാം.

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) വ്യാജ വസ്തുക്കൾ കടത്തുന്നത് സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കിയതോടെ, നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും യുഎസിലേക്കുള്ള യാത്രക്കാരും  കുടുങ്ങിയിട്ടുണ്ട്.  സിബിപി ജീവനക്കാർ തങ്ങളുടെ പുതിയ വസ്ത്രങ്ങളെല്ലാം കത്രിക ഉപയോഗിച്ച് മുറിച്ച് ചവറ്റുകുട്ടയിൽ ഇടുന്നത് പലർക്കും കാണേണ്ടി വന്നു. ചിലരെ ക്രിമിനൽ കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ടിട്ടുണ്ട്.

Latest Videos

undefined

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നിയമം അനുസരിച്ച്, ഒരു വ്യക്തിക്ക്, വ്യാജ ബ്രാന്റാണെങ്കിലും  ഒരു ഷർട്ട്, ഒരു ഹാൻഡ്‌ബാഗ് എന്നിവയേ കൊണ്ടുപോകാൻ അനുവാദമുള്ളൂ, അത് വ്യക്തിപരമായ ഉപയോഗത്തിനാണ്, വിൽപ്പനയ്ക്കല്ല. ഇതിൽ കൂടുതലുള്ള എന്തും അമേരിക്ക നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 19,724 ഷിപ്പ്‌മെന്റുകളിൽ നിന്ന് 23 ദശലക്ഷം വ്യാജ ഉൽപ്പന്നങ്ങളാണ് അമേരിക്കയിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

കുപ്രസിദ്ധ മാർക്കറ്റുകൾ

ന്യൂഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മൂന്ന് മാർക്കറ്റുകളും മൂന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും വ്യാജ ബ്രാന്റുകൾ വിൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ഹീരാ പന്ന, ന്യൂഡൽഹിയിലെ കരോൾ ബാഗിലെ ടാങ്ക് റോഡ്, ബെംഗളൂരുവിലെ സദർ പത്രപ്പ റോഡ് മാർക്കറ്റ് എന്നിവയാണ് ഈ കുപ്രസിദ്ധ മാർക്കറ്റുകൾ. ക്രിസിലും ഓതന്റിക്കേഷൻ സൊല്യൂഷൻ പ്രൊവൈഡേഴ്‌സ് അസോസിയേഷനും (എഎസ്പിഎ) തയാറാക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളിലും ഏകദേശം 25-30 ശതമാനം വ്യാജമാണ്. വസ്ത്രങ്ങൾ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി), ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമോട്ടീവ്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവയിലും വ്യാജബ്രാന്റുകൾ വ്യാപകമാണ്.

അഡിഡാസിന് പകരം അബിബാസ്, നൈക്കിക്ക് പകരം നെക്കി, പ്യുമയ്ക്ക് പകരം പോമ തുടങ്ങി നിരവധി മറ്റു പേരുകളിലും വ്യാജന്മാർ ഇന്ത്യയിൽ വ്യാപാരം നടത്തുന്നുണ്ട് 

വ്യാജബ്രാന്റുകൾ ഉണ്ടാക്കുന്ന പ്രതിസന്ധികൾ

സാമ്പത്തിക ആഘാതം: ഓരോ വ്യാജബ്രാന്റുകൾ വാങ്ങുന്നതും നിയമാനുസൃതമായ ബിസിനസ്സുകൾക്ക് തിരിച്ചടിയാണ്. അവയുടെ ലാഭത്തിന് തുരങ്കം വയ്ക്കുകയും തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ആരോഗ്യ-സുരക്ഷാ അപകടസാധ്യതകൾ:  നിലവാരമില്ലാത്ത മരുന്നുകളും സൌന്ദര്യവർധക വസ്തുക്കലും ഇലക്ട്രോണിക് ഉപകരണങ്ങളും  ഉപഭോക്തൃ സുരക്ഷയെ അപകടത്തിലാക്കുന്നു

പാരിസ്ഥിതിക ആശങ്കകൾ: ഗുണനിലവാരമില്ലാത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച, വ്യാജ ഉൽപ്പന്നങ്ങൾ പെട്ടെന്ന് നശിക്കുന്നു. ഇത് മാലിന്യങ്ങൾ വ്യാപകമാകുന്നതിന് കാരണമാകും

click me!