ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ടാക്സ് കുറച്ച് കേന്ദ്രം. ഒപ്പം ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും വിൻഡ് ഫാൾ ടാക്സ് കുറച്ചിട്ടുണ്ട് അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
ദില്ലി: ക്രൂഡ് ഓയിലിന്റെയും ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും (എടിഎഫ്) ഡീസലിന്റെയും കയറ്റുമതിയുടെ വിൻഡ് ഫാൾ ടാക്സ് കുറച്ച് കേന്ദ്രം. ക്രൂഡിന്റെ വിൻഡ് ഫാൾ ടാക്സ് ടണ്ണിന് 2,100 രൂപയിൽ നിന്ന് 1,900 രൂപയായി (23.28 ഡോളർ). എടിഎഫിന്റെ കയറ്റുമതി നികുതി ലിറ്ററിന് 4.5 രൂപയിൽ നിന്ന് 3.5 രൂപയായും ഡീസലിന്റെ കയറ്റുമതി നികുതി ലിറ്ററിന് 6.5 രൂപയിൽ നിന്ന് 5 രൂപയായും വെട്ടിക്കുറച്ചു.
എണ്ണയുടെ പ്രധാന ഉപഭോക്താവും എണ്ണ ഇറക്കുമതിക്കാരനുമായ ഇന്ത്യ, പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിച്ച 60 ഡോളറിന്റെ വില പരിധിയിൽ താഴെയാണ് റഷ്യൻ ക്രൂഡ് വാങ്ങുന്നത്. 2022 ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി കുത്തനെ ഉയർന്നിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറിയിരിക്കുകയാണ് മോസ്‌കോ. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരം ഡിസംബറിൽ ഇന്ത്യ ആദ്യമായി റഷ്യയിൽ നിന്ന് പ്രതിദിനം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഡിസംബറിൽ മാത്രം റഷ്യ 1.19 ദശലക്ഷം ബിപിഡി ക്രൂഡ് ഓയിൽ ഇന്ത്യക്ക് നൽകി. നവംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 909,403 ബിപിഡി ക്രൂഡ് ഓയിലാണ്.
ഡിസംബറിന് മുമ്പ് ജൂണിലാണ് ഇന്ത്യ റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്.രാജ്യം ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 25 ശതമാനവും റഷ്യയിൽ നിന്നാണ്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് യൂറോപ്യൻ യൂണിയനും യുഎസും ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയനും യുഎസും വിലനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗവും ഇറക്കുമതിയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.