മാർച്ച് മധ്യത്തോടെയാണ് സിറ്റിബാങ്കിലും എച്ച്എസ്ബിസി ബാങ്കിലുമുള്ള ബൈറ്റ്ഡാൻസിന്റെ രണ്ട് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്.
ദില്ലി: ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസിന്റെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. കേന്ദ്രസർക്കാരിന്റെ ഈ നടപടിക്കെതിരെ ബൈറ്റ്ഡാൻസ് കോടതിയെ സമീപിച്ചു. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസർക്കാരിന്റെ നടപടി. ടിക്ടോക്കിന് ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് കമ്പനി തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ബൈറ്റ്ഡാൻസിന് ഇപ്പോഴും ഇന്ത്യയിൽ 1300 ഓളം ജീവനക്കാരുണ്ട്.
മാർച്ച് മധ്യത്തോടെയാണ് സിറ്റിബാങ്കിലും എച്ച്എസ്ബിസി ബാങ്കിലുമുള്ള ബൈറ്റ്ഡാൻസിന്റെ രണ്ട് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്. ഓൺലൈൻ പരസ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നെന്ന് ആരോപിച്ചായിരുന്നു ഇത്. ബൈറ്റ്ഡാൻസ് ഇന്ത്യയ്ക്കും സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിക്ടോക് പ്രൈവറ്റ് ലിമിറ്റഡിനും എതിരായാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
ബൈറ്റ്ഡാൻസിനെ പണം പിൻവലിക്കാൻ അനുവദിക്കരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം കേന്ദ്രസർക്കാർ നൽകിയെന്നാണ് വിവരം. മുംബൈ ഹൈക്കോടതിയിലാണ് ബൈറ്റ്ഡാൻസ് ഹർജി സമർപ്പിച്ചിരിക്കുന്നത്. വെറും പത്ത് ദശലക്ഷം ഡോളർ മാത്രമാണ് തങ്ങളുടെ അക്കൗണ്ടിൽ ഉള്ളതെന്നിരിക്കെ ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നത് നിയമലംഘനമാണെന്നും സാലറിയും ടാക്സും നൽകാൻ കഴിയാത്ത നിലയിലാണ് കമ്പനിയെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.