ആദായ നികുതിദായകർക്ക് ഒക്ടോബർ മുതൽ ഈ സർക്കാർ പെൻഷൻ പദ്ധതിയിൽ ചേരാനാകില്ല. വിശദാംശങ്ങൾ ഇവിടെ
ആദായ നികുതിദായകരുമായി ബന്ധപ്പെട്ട് പുതിയ മാറ്റവുമായി കേന്ദ്ര സർക്കാർ. ഇനി മുതൽ അടൽ പെൻഷൻ യോജന (APY) പദ്ധതിയിൽ നിക്ഷേപിക്കാൻ ആദായ നികുതിദായകർക്ക് അർഹതയുണ്ടായിരിക്കില്ല. ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
Read Also: ഈ ആഴ്ച ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോകേണ്ടതുണ്ടോ? അവധി ദിനങ്ങളിൽ മാറ്റമുണ്ട്
മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം, 2022 ഒക്‌ടോബർ 1 മുതൽ, ആദായനികുതി അടയ്ക്കുന്ന ഏതൊരു പൗരനും അടൽ പെൻഷൻ യോജനയിൽ ചേരാൻ യോഗ്യതയില്ല. 1961 ആദായനികുതി നിയമം അനുസരിച്ച് ആദായനികുതി അടയ്ക്കാൻ ബാധ്യസ്ഥനായ വ്യക്തികൾക്ക് അടൽ പെൻഷൻ യോജനയിൽ ചേരാൻ കഴിയില്ല എന്ന് ഓഗസ്റ്റ് 10ന് ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.
പുതിയ വ്യവസ്ഥ അനുസരിച്ച്, 2022 ഒക്ടോബർ 1-നോ അതിനു ശേഷമോ അടൽ പെൻഷൻ യോജനയിൽ ചേർന്ന ഒരു വരിക്കാരൻ, അപേക്ഷിച്ച തീയതിയിലോ അതിനുമുമ്പോ ആദായനികുതി അടയ്ക്കുന്നയാളാണെന്ന് പിന്നീട് കണ്ടെത്തിയാൽ, പെൻഷൻ അക്കൗണ്ട് അവസാനിപ്പിക്കും. അതുവരെയുള്ള പെൻഷൻ തുക വരിക്കാരന് നൽകും.
Read Also: കിഴിവുകൾ വാഗ്ദാനം ചെയ്ത് വൻകിട ജ്വല്ലറിക്കാർ നടത്തുന്നത് പകൽ കൊള്ളയോ?
ജൂൺ 4 വരെ, ദേശീയ പെൻഷൻ സ്കീം, അടൽ പെൻഷൻ യോജന എന്നിവയുടെ ആകെ വരിക്കാരുടെ എണ്ണം 5.33 കോടിയാണെന്ന് പിഎഫ്ആർഡിഎ ചെയർപേഴ്സൺ സുപ്രതിം ബന്ദ്യോപാധ്യായ പറഞ്ഞു. 2022 ജൂൺ 4 വരെ, ദേശീയ പെൻഷൻ സ്കീം, അടൽ പെൻഷൻ യോജന എന്നിവയ്ക്ക് കീഴിലുള്ള അസറ്റ് അണ്ടർ മാനേജ്‌മെന്റ് (AUM) 7,39,393 കോടിയാണ്.
അടൽ പെൻഷൻ യോജന
അടൽ പെൻഷൻ യോജന എന്നത് ഭാരത സർക്കാരിന്റെ പെൻഷൻ പദ്ധതിയാണ്. 18നും 40നും ഇടയിൽ വയസ്സുള്ള ഏതൊരു ഇന്ത്യൻ പൗരനും സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് ശാഖകൾ വഴി പദ്ധതിയിൽ ചേരാൻ അനുവദിക്കുന്നു. സ്കീമിന് കീഴിൽ, ഒരു വരിക്കാരന് കുറഞ്ഞത് നിലവില്‍ 1,000 മുതല്‍ 5,000 രൂപ വരെ മാസം ലഭിക്കത്തക്ക രീതിയില്‍ അഞ്ച് സ്ലാബുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 60 വയസ്സ് മുതൽ ഈ പെൻഷൻ ലഭിക്കും. വരിക്കാരന്റെ മരണശേഷം വരിക്കാരന്റെ ജീവിതപങ്കാളിക്ക് അതേ പെൻഷൻ നൽകും. വരിക്കാരന്റെയും പങ്കാളിയുടെ മരണശേഷം, വരിക്കാൻ 60 വയസ്സ് വരെ നിക്ഷേപിച്ച തുക നോമിനിക്ക് തിരികെ നൽകും.