മ്യൂച്ചല്‍ ഫണ്ട് എത്രത്തോളം മികച്ചതാണ്; നിക്ഷേപിക്കും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

By Web Team  |  First Published Sep 8, 2024, 3:15 PM IST

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട 10 ഘടകങ്ങൾ


മ്യൂച്ചല്‍ ഫണ്ട് മികച്ചൊരു നിക്ഷേപ മാർഗമാണ്. എന്നാൽ ഇന്നും ഭൂരിഭാഗം പേർക്കും മ്യൂച്ചല്‍ ഫണ്ടിനെ കുറിച്ച് അറിയില്ല. എങ്ങനെ നിക്ഷേപിക്കാമെന്നും ധാരണയുണ്ടാകില്ല. അങ്ങനെയുള്ളവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. വിപണിയില്‍ നിന്നും ദീര്‍ഘകാലയളവില്‍ നേട്ടം കൊയ്യുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം. നിക്ഷേപിക്കുന്ന ആസ്തി അനുസരിച്ച് പത്തിലധികം തരത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് വിഭാഗങ്ങളുണ്ട്. ഓരോന്നിലേയും റിസ്‌ക് ഘടകങ്ങളും, നിക്ഷേപ കാലയളവ്, ചെലവ്, നിക്ഷേപ ലക്ഷ്യവുമൊക്കെ വ്യത്യസ്തമായിരിക്കും. ഈയൊരു പശ്ചാത്തലത്തില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട 10 ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. 

1. നിക്ഷേപ ലക്ഷ്യം

Latest Videos

undefined

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും റിസ്‌ക് എടുക്കാനുള്ള ശേഷിയ്ക്കും അുസൃതമായുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീം ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. നിക്ഷേപ കാലാവധി ദീര്‍ഘകാലയളവിലേക്ക് ആണെങ്കില്‍, ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളാണ് ഉയര്‍ന്ന നേട്ടത്തിന് സഹായിക്കുക. അതേസമയം ഹ്രസ്വകാലയളവിലേക്കാണ് നിക്ഷേപം എങ്കില്‍ ഡെറ്റ്/ ഹൈബ്രിഡ് രീതിയിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികളാകും ഉചിതം.

2. എക്‌സ്‌പെന്‍സ് റേഷ്യോ

താരതമ്യേന കുറഞ്ഞ ചെലവ് അനുപാതമുള്ള മ്യൂച്ചല്‍ ഫണ്ടുകളെയാണ് പരിഗണിക്കേണ്ടത്. ഇതിലൂടെ ആദായത്തില്‍ നിന്നും തട്ടിക്കിഴിക്കുന്ന ഫീസ് ഇനത്തിലുള്ള തുക കുറയ്ക്കാം.

3. പ്രകടനം

കഴിഞ്ഞകാലത്തെ മികച്ച പ്രകടനം, ഭാവി കാലത്തെ പ്രകടനത്തിന് ഉറപ്പു നല്‍കുന്നില്ലെന്നത് വസ്തുതയാണെങ്കിലും മ്യൂച്ചല്‍ ഫണ്ടിനെ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രകടനത്തിലെ സ്ഥിരത മനസിലാക്കാന്‍ പൂര്‍വകാല ചരിത്രം പരിശോധിക്കുന്നത് സഹായിക്കും. 1 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം, 10 വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലെ മ്യൂച്ചല്‍ ഫണ്ടിന്റെ ചരിത്രം പരിശോധിക്കുന്നത്, പ്രകടനത്തിന്റെ സ്ഥിരതയെ കുറിച്ചുള്ള സൂചന നല്‍കും. സമാന ഫണ്ടുകളുടെ ശരാശരിയേക്കാളും അടിസ്ഥാനമാക്കിയ സൂചികയേക്കാള്‍ അധികം നിരക്കില്‍ സ്ഥിരതയാര്‍ന്ന ആദായം നല്‍കുന്ന സ്‌കീമുകളെ നിക്ഷേപത്തിന് പരിഗണിക്കുന്നതാണ് ഉചിതം.

4. വൈവിധ്യവത്കരണം

നിങ്ങളുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ഒരു സ്‌കീമില്‍ മാത്രമായി ഒതുക്കരുത്. മൊത്തത്തിലുള്ള റിസ്‌ക് ലഘൂകരിക്കുന്നതിനായി, വിവിധ ആസ്തികളും സെക്ടറുകളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മറ്റ് മ്യൂച്ചല്‍ ഫണ്ടുകളിലും നിക്ഷേപം പരിഗണിക്കണം.

5. നിക്ഷേപ രീതി

ആക്ടീവ് ഫണ്ട്, പാസീവ് ഫണ്ട് എന്നിവയില്‍ നിന്നും ഏതുതരം മ്യൂച്ചല്‍ഫണ്ടില്‍ നിക്ഷേപിക്കണം എന്നുള്ളത് പരിഗണിക്കുക. പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ മുഖേന നിക്ഷേപങ്ങള്‍ നിയന്ത്രിക്കുകയും പരിപാലിക്കുകയും വിപണിയില്‍ നിന്നും പരമാവധി നേട്ടത്തിന് ശ്രമിക്കുകയും ചെയ്യുന്നവയാണ് ആക്ടീവ് ഫണ്ടുകള്‍. അതേസമയം വിപണിയുമായി ബന്ധപ്പെട്ട സൂചികകളെ (ഇന്‍ഡക്‌സ്) പിന്തുടരുന്നവയാണ് പാസീവ് ഫണ്ടുകള്‍. ആഗോള തലത്തിലെ കണക്കുകള്‍ പ്രകാരം 66% ആക്ടീവ് ഫണ്ടുകളും ഇന്‍ഡക്‌സ് ഫണ്ടുകളേക്കാള്‍ മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ 3 വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ ഇത് 50 ശതമാനമേയുള്ളൂ. എന്നാല്‍ 4 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ആഗോള ശരാശരിയോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.

6. ഫണ്ട് മാനേജര്‍

മ്യൂച്ചല്‍ ഫണ്ട് സ്‌കീം പരിപാലിക്കുന്ന ഫണ്ട് മാനേജരുടെ പൂര്‍വകാല പ്രകടനം വിലയിരുത്തുക. ഇതിലൂടെ ഫണ്ട് മാനേജരുടെ വൈദഗ്ധ്യവും നിക്ഷേപരീതിയും മനസിലാക്കാന്‍ സാധിക്കും. മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ പ്രകടനത്തിലെ സ്ഥിരതയും സമാന സ്‌കീമുകളുടെ ശരാശരി ആദായത്തേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കയിട്ടുണ്ടോ എന്നതും സൂചികകളേക്കാള്‍ ഉയര്‍ന്ന നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിലൂടെയും ഫണ്ട് മാനേജരുടെ കാര്യപ്രാപ്തി മനസിലാക്കാം.

7. ഫണ്ടിന്റെ വലിപ്പം

മ്യൂച്ചല്‍ ഫണ്ട് സ്‌കീം കൈകാര്യം ചെയ്യുന്ന തുകയുടെ വലിപ്പം കൂടുന്നത് അനുസരിച്ച് ആദായവും വളരാന്‍ സാധ്യതയുള്ളതിനാല്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ ചെലവും താഴാന്‍ സാധ്യതയുണ്ട്.

8. ലിക്വിഡിറ്റി

ഉയര്‍ന്ന ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്ന മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളെയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വേഗത്തില്‍ ഓഹരി വാങ്ങാനും വിറ്റുമാറാനും സാധിക്കും. ഭൂരിഭാഗം സ്‌കീമുകളും ഓപ്പണ്‍-എന്‍ഡഡ് തരത്തിലുള്ളവയാണ്. ഇഎല്‍എസ്എസ്, എഫ്എംപി (ഫിക്‌സഡ് മെച്ചൂരിറ്റി പ്ലാന്‍) വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളിലാണ് നിശ്ചിത ലോക്ക്-ഇന്‍ കാലാവധി നിബന്ധനയുള്ളത്. അതിനാല്‍ നിക്ഷേപത്തിന്റെ ദൈര്‍ഘ്യവും ലിക്വിഡിറ്റി ആവശ്യകതയും വിലയിരുത്തിയിട്ടു വേണം ഇഎല്‍എസ്എസ്/ എഫ്എംപി വിഭാഗത്തിലുള്ള സ്‌കീമുകളില്‍ നിക്ഷേപിക്കേണ്ടത്.

9. റിസ്‌ക്

റിസ്‌കും ആദായവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാല്‍ മ്യൂച്ചല്‍ ഫണ്ട് സ്‌കീമിന്റെ റിസ്‌ക് തിട്ടപ്പെടുത്തിയുള്ള ആദായം മനസിലാക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍, ബീറ്റ, ഷാര്‍പ് റേഷ്യോ, ട്രെയ്‌നര്‍ റേഷ്യോ, സോര്‍ട്ടിനോ റേഷ്യോ എന്നീ അനുപാതങ്ങളും ഘടകങ്ങളും പരിശോധിക്കുക.

10. നികുതി ബാധ്യതകള്‍

മ്യൂച്ചല്‍ ഫണ്ടില്‍ നിന്നുള്ള മൂലധന നേട്ടം നികുതിയുടെ പരിധിക്കുള്ളിലാണ്. അതിനാല്‍ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുമായി ബന്ധപ്പെട്ട നികുതി ബാധ്യതകള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം. ഒരു വര്‍ഷത്തിനു മുകളില്‍ കൈവശം വെച്ചിട്ടുള്ള ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നും 1 ലക്ഷത്തിന് മുകളിലുള്ള ആദായത്തിന് 10% നികുതി നല്‍കണം. അതേസമയം 3 വര്‍ഷത്തിനു മുകളില്‍ കൈവശം വെച്ചിരിക്കുന്ന ഡെറ്റ് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിന്നുള്ള നേട്ടത്തിന് 20% നിരക്കിലാണ് നികുതി നല്‍കേണ്ടത്. 3 വര്‍ഷത്തില്‍ താഴെയാണ് കൈവശം വെയ്ക്കുന്നതെങ്കില്‍ ഉപഭോക്താവിന്റെ ടാക്‌സ് സ്ലാബിന് അനുസൃതമായും നികുതി നല്‍കണം.

click me!