ഇനിയും തട്ടിപ്പിന് ഇരയാകരുത്, വ്യാജ ജിഎസ്ടി ബില്ലുകള്‍ തിരിച്ചറിയാനുള്ള വഴികൾ ഇതാ

By Web Team  |  First Published Jun 19, 2024, 4:44 PM IST

ഇന്നത്തെ സാഹചര്യത്തില്‍ വ്യാജ ജിഎസ്ടി ബില്ലുകള്‍ തിരിച്ചറിയുക എന്നത് നിര്‍ണായകമാണ്. വ്യാജ ജിഎസ്ടി ബില്ലുകള്‍ എങ്ങനെ കണ്ടെത്താം എന്ന് പരിശോധിക്കാം.


രാജ്യത്തെ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിനുള്ള ചുവടുവയ്പ്പായിരുന്നു ചരക്ക് സേവന നികുതി. പക്ഷെ ഇതിനോടൊപ്പം തന്നെ നികുതി വെട്ടിപ്പുകാരും കളംപിടിച്ചു. വ്യാജ ജിഎസ്ടി ബില്ലുകള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള തട്ടിപ്പുകളാണ് സാധാരണയായി അരങ്ങേറുന്നത്. അനാവശ്യമായി റീഫണ്ടുകള്‍ ക്ലെയിം ചെയ്യുന്നതും വ്യാജ ഇന്‍പുട്ട് ക്രെഡിറ്റുകള്‍ നേടാന്‍ ശ്രമിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇന്നത്തെ സാഹചര്യത്തില്‍ വ്യാജ ജിഎസ്ടി ബില്ലുകള്‍ തിരിച്ചറിയുക എന്നത് നിര്‍ണായകമാണ്. വ്യാജ ജിഎസ്ടി ബില്ലുകള്‍ എങ്ങനെ കണ്ടെത്താം എന്ന് പരിശോധിക്കാം.

 ജിഎസ്ടിഎൻ(ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷൻ നമ്പർ) പരിശോധിക്കുക

സാധാരണയായി ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷൻ നമ്പറിൽ 15 അക്കങ്ങളാണുള്ളത്. ആദ്യ രണ്ട് അക്കങ്ങൾ സംസ്ഥാന കോഡിനെയും പത്താമത്തെ അക്കം സ്ഥാപനത്തിന്റെ തരത്തെയും പ്രതിനിധീകരിക്കുന്നു. ഇത് വച്ച് ആധികാരികത ഉറപ്പാക്കാൻ ഓൺലൈൻ ജിഎസ്ടിഎൻ ഡാറ്റാബേസ് പരിശോധിക്കാം.

Latest Videos

undefined

ബിൽ നമ്പറും സീരീസും  

ഓരോ ജിഎസ്ടി ബില്ലിനും ബിൽ നമ്പറും സീരീസും ഉണ്ട്. വിതരണക്കാരൻ സാധാരണയായി ഉപയോഗിക്കുന്ന ഇൻവോയ്സ് ഫോർമാറ്റും നമ്പറിംഗ് പാറ്റേണും വച്ച് പരിശോധിക്കാം. സാധാരണ ഫോർമാറ്റിൽ നിന്ന് എന്തെങ്കിലും പൊരുത്തക്കേടുകളോ വ്യതിയാനങ്ങളോ ഉണ്ടെങ്കിൽ, അത് ഒരു വ്യാജ ബില്ലാണെന്ന് മനസിലാക്കാം

ബിൽ മാതൃകയും പ്രിന്റിംഗ് ഗുണനിലവാരവും

ജിഎസ്ടി ബില്ലുകളിലെ അക്ഷരങ്ങൾ, വലുപ്പം, നിറം എന്നിവയ്ക്ക് സാധാരണയായി പിന്തുടരുന്ന ഒരു മാതൃകയുണ്ട് . എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ   ബില്‍ ഇതുമായി താരതമ്യം ചെയ്യുക. കൂടാതെ മങ്ങിയ അക്ഷരങ്ങൾ, അക്ഷരങ്ങളുടെ ഇടയിലുള്ള വിടവ്, പ്രിന്റിംഗ് ഗുണനിലവാരം എന്നിവ പരിശോധിക്കുക.

ഒപ്പും സ്റ്റാമ്പും  

ജിഎസ്ടി ബില്ലിൽ വിതരണക്കാരന്റെ ഒപ്പും അവരുടെ റബ്ബർ സ്റ്റാമ്പും ഉണ്ടായിരിക്കണം. ഇവ പരിശോധിക്കുക. കൂടാതെ, റബ്ബർ സ്റ്റാമ്പ് വ്യക്തമാണോയെന്നും പരിശോധിക്കുക.

റിവേഴ്സ് ചാർജ് മെക്കാനിസം  

ബില്ലിൽ ഒരു റിവേഴ്സ് ചാർജ് മെക്കാനിസം ഉൾപ്പെടുന്നുവെങ്കിൽ, വാങ്ങുന്നയാൾ  ജിഎസ്ടി അടയ്ക്കേണ്ടതുണ്ടെങ്കിൽ, വാങ്ങുന്നയാളുടെ ജിഎസ്ടിഎൻ   കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.  സാധനങ്ങൾ / സേവനങ്ങൾ സ്വീകരിക്കുന്നയാൾ വിതരണക്കാരന് ജിഎസ്ടി നൽകുകയും ഈ വിതരണക്കാരൻ ജിഎസ്ടി സർക്കാരിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് റിവേഴ്സ് ചാർജ് മെക്കാനിസം  .

നികുതി സൂക്ഷ്മമായി പരിശോധിക്കുക

ബില്ലിൽ കണക്കാക്കിയിരിക്കുന്ന ജിഎസ്ടി തുക കൃത്യമാണോ എന്ന് പരിശോധിക്കുക. എന്തെങ്കിലും പൊരുത്തക്കേടുകൾ അല്ലെങ്കിൽ അസാധാരണമായ നികുതി കണക്കുകൂട്ടലുകൾ ഉണ്ടെങ്കിൽ തട്ടിപ്പിന് സാധ്യതയുണ്ട്.

പർച്ചേസ് ഓർഡറും ഡെലിവറി ചലാനും ഉപയോഗിച്ചുള്ള പരിശോധന

ബില്ലിലെ വിശദാംശങ്ങൾ പർച്ചേസ് ഓർഡർ, ഡെലിവറി ചലാൻ എന്നിവയുമായി താരതമ്യം ചെയ്യുക. ചരക്കുകളുടെയോ സേവനങ്ങളുടെയോ അളവും വിവരണവും വിലയും എല്ലാ രേഖകളുമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക.

ജിഎസ്ടി ടൂളുകൾ ഉപയോഗിക്കുക

ബിൽ നമ്പറും ജിഎസ്ടിഎന്നും ഉപയോഗിച്ച് ജിഎസ്ടി ബില്ലുകളുടെ ആധികാരികത പരിശോധിക്കാൻ സഹായിക്കുന്ന ജിഎസ്ടി ഇ-ഇൻവോയ്സ് പോർട്ടൽ പോലെയുള്ള വിവിധ ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമാണ്.

click me!