സാധാരണ ഗതിയില്‍ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കോ മോശം തിരിച്ചടവ് ചരിത്രമുള്ളവര്‍ക്കോ ലോണ്‍ പോലെയുള്ള വായ്പ സേവനങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല.
ഇന്ത്യയിലെ ബാങ്കുകള്‍ വായ്പകൾ നൽകുന്നതിന് ഒരു രീതിയുണ്ട്. ബാങ്കുകൾ അനുവദിക്കുന്ന വായ്പകളില്‍ 70 ശതമാനവും രാജ്യത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള 10 ശതമാനം വ്യക്തികള്‍ക്കാണ്. 5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം നേടുന്ന ശരാശരി മധ്യവര്‍ഗത്തിനു പോലും ഒരു ബാങ്ക് വായ്പ തരപ്പെടുത്തുക എന്നത് പ്രയാസമേറിയ കടമ്പയാകുന്നു. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍, വരുമാന മാനദണ്ഡം, ആവശ്യമായ രേഖകളുടെ നീളന്‍ പട്ടികയും സാവധാനത്തിലുള്ള എഴുത്ത് ഇടപാടുകളും ഒക്കെയായി അവശ്യസമയത്ത് ലഭ്യമാകുന്ന വായ്പ സാധാരണക്കാരന് സ്വപ്‌നമായി അവശേഷിക്കുന്നു. അടിയന്തര സാഹചര്യമാണെങ്കില്‍ ചിന്തിക്കുകയും വേണ്ട. ഇത്തരം സാഹചര്യങ്ങളിലാണ് ഫിന്‍ടെക് കമ്പനികള്‍ സഹായമേകുന്നത്.
ഫിന്‍ടെക് കമ്പനികളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ ധനസഹായം നേടാന്‍ സാധിക്കും. നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് ഇത്തരം സ്ഥാപനങ്ങള്‍ അതിവേഗത്തിലുള്ള സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. വായ്പകള്‍ക്ക് പുറമെ ബാങ്കിംഗ്, നിക്ഷേപം, ഇന്‍ഷൂറന്‍സ് പോലെയുള്ള വൈവിധ്യമേറിയ സാമ്പത്തിക സേവനങ്ങളും ഇന്നു ഫിന്‍ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഡിജിറ്റല്‍ വായ്പകളുടെ 5 സവിശേഷതകളാണ് ചുവടെ ചേര്‍ക്കുന്നത്.
വായ്പ തുകയില്‍ കടുംപിടുത്തമില്ല
ഓരോ വ്യക്തികള്‍ക്കും പേഴ്‌സണല്‍ ലോണ്‍ എടുക്കേണ്ടി വരുന്നതിനുള്ള ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് അനുവദിക്കേണ്ട വായ്പ തുകയുടെ അളവില്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് കടുംപിടുത്തമില്ല. താരതമ്യേന ചെറിയ തുകയായ 5,000 മുതല്‍ 5 ലക്ഷം രൂപ വരെ, വ്യക്തികളുടെ ആവശ്യവും യോഗ്യതയും അടിസ്ഥാനമാക്കി വായ്പയായി അനുവദിക്കും.
വേഗത്തിലുള്ള യോഗ്യത നിര്‍ണയം
പുതിയ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാല്‍ വ്യക്തിയുടെ വായ്പയ്ക്കുള്ള അര്‍ഹത പരിശോധിക്കുന്നത് മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നു. കൂടാതെ ഡിജിലോക്കര്‍, സി-കെവൈസി പോലെ ലഭ്യമായ ഓണ്‍ലൈന്‍ രീതികളിലൂടെ രേഖകളുടെ ആധികാരികത പരിശോധിക്കാനും വളരെ എളുപ്പത്തില്‍ കഴിയും. എപിഐ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളുടെ ആവിര്‍ഭാവത്തോടെ തത്സമയ ഫോട്ടോ/ വരുമാനം തെളിയിക്കല്‍, തുടങ്ങിയവയൊക്കെ വേഗത്തില്‍ പൂര്‍ത്തിയാക്കാം. ഇതിലൂടെ വായ്പ അനുവദിക്കുന്നതിനുള്ള സമയം വളരെയധികം ലാഭിക്കാന്‍ സാധിക്കുന്നു.
തത്ക്ഷണ വിതരണം
ആഴ്ചകള്‍ നീളുന്ന എഴുത്ത് ഇടപാടുകളും വിവിധതല പരിശോധനകളും പൂര്‍ത്തിയായി സാവധാനത്തിലാകും പരമ്പരാഗത രീതിയില്‍ വായ്പ തുക അപേക്ഷകന്റെ കൈയില്‍ എത്തിച്ചേരുക. എന്നാല്‍ കൃത്യമായ രേഖകളും യോഗ്യതയുമുള്ള അപേക്ഷനാണെങ്കില്‍ ഡിജിറ്റല്‍ ലോണുകളില്‍ ഏതാനും മിനിറ്റുകള്‍ക്കകം തന്നെ ആവശ്യമായ തുക ലഭിക്കും.
അയവുള്ള തിരിച്ചടവ്
പരമ്പരാഗത ബാങ്കുകളില്‍ തിരിച്ചടവിനുള്ള കാലയളവിനും തുകയിലുമൊക്കെ നിശ്ചിത പരിധികളും തവണയുമൊക്കെ നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. എന്നാല്‍ ഉപയോക്താവിന് അനുയോജ്യമായ രീതിയില്‍ ഏതാനും നാള്‍ മുതല്‍ 60 മാസം വരെയുള്ള തിരിച്ചടവ് പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള സാവകാശം ഫിന്‍ടെക് കമ്പനികള്‍ നല്‍കുന്നുണ്ട്. ഇത് അധിക സാമ്പത്തിക ബാധ്യത വരുത്താതെ വായ്പാ തുക കൈകാര്യം ചെയ്യുന്നതിനുള്ള അവസരം നല്‍കുന്നു.
ക്രമേണ മാറ്റിയെടുക്കുന്ന സമീപനം
സാധാരണ ഗതിയില്‍ താഴ്ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്കോ മോശം തിരിച്ചടവ് ചരിത്രമുള്ളവര്‍ക്കോ ലോണ്‍ പോലെയുള്ള വായ്പ സേവനങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഫിന്‍ടെക് കമ്പനികള്‍ ഇത്തരം വിവേചനം കാണിക്കാറില്ല. 5,000- 10,000 രൂപ വരെയെങ്കിലും ഫിന്‍ടെക് കമ്പനികളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ധനസഹായം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടച്ചാല്‍, ക്രമേണ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുമെന്ന് മാത്രമല്ല ഭാവിയില്‍ കമ്പനി അവതരിപ്പിക്കാവുന്ന പുതിയ ഓഫറുകളിലേക്ക് പരിഗണിക്കാനും സഹായിക്കുന്നു.