രേഖകളില്ലെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചോ? ആ പരിപാടി വേണ്ടെന്ന് ഐആര്‍ഡിഎഐ

By Web Desk  |  First Published Jan 10, 2025, 7:14 PM IST

കൃത്യമായ വിശദീകരണം ഇല്ലാതെ  ക്ലെയിം നിരസിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കില്ല: ഐആര്‍ഡിഎഐ


വശ്യമായ രേഖകള്‍ ഇല്ല എന്നുള്ള കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചോ? അങ്ങനെ പെട്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം അനുവദിക്കാതിരിക്കാനാകില്ല. കാരണം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി തയ്യാറാക്കിയ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കൃത്യമായ വിശദീകരണം ഇല്ലാതെ  ക്ലെയിം നിരസിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കില്ല. അതായത് ഏതെങ്കിലും രേഖ ഇല്ലെന്നുള്ള കാരണത്താലാണ് ക്ലെയിം നിരസിച്ചതെങ്കില്‍ ഏത് രേഖയില്ലാത്തതിനാലാണ് നിരസിച്ചത് എന്ന് ഇന്‍ഷുറന്‍സ് കമ്പനി കൃത്യമായ രേഖ സഹിതം കാരണം വിശദീകരിക്കണം. രേഖകള്‍ ഇല്ലെന്നുള്ള കാരണത്താലും വിവരങ്ങള്‍ കമ്പനിയെ അറിയിക്കാന്‍ വൈകി എന്ന കാരണം പറഞ്ഞും ക്ലെയിം നിരസിക്കാനാകില്ല എന്നും ഐആര്‍ഡിഎഐയുടെ ഉത്തരവില്‍ പറയുന്നുണ്ട്.

എന്തുകൊണ്ടാണ് ക്ലെയിം നിരസിച്ചത് എന്ന് ഇന്‍ഷുറന്‍സ് കമ്പനി കൃത്യമായി എഴുതി നല്‍കണം. ഇത് കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തി ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാം. കഴിഞ്ഞവര്‍ഷം ഐആര്‍ഡിഎഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശപ്രകാരം പോളിസി ഉടമകള്‍ക്ക് അനാവശ്യമായ പേപ്പര്‍ വര്‍ക്കുകളുടെ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ക്ലെയിമുമായി നേരിട്ട് ബന്ധമുുള്ള അവശ്യ രേഖകള്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെടാവൂ. പോളിസി ഇഷ്യൂ ചെയ്യുന്ന സമയത്ത് സ്റ്റാന്‍ഡേര്‍ഡ് ചെക്ക് ലിസ്റ്റുകള്‍ നല്‍കുകയും വേണം.

Latest Videos

നഷ്ടപ്പെട്ട രേഖകള്‍ ഏതെല്ലാം തിരിച്ചറിഞ്ഞ് പോളിസി ഉടമകളെ ഇന്‍ഷുറന്‍സ് കമ്പനികള്‍ സഹായിക്കുകയും ക്ലെയിം കാലതാമസം ഇല്ലാതെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്. ക്ലെയിം ലഭ്യമാക്കാന്‍ വേണ്ട ഏറ്റവും സുപ്രധാനമായ രേഖകള്‍ ഉണ്ടെങ്കില്‍ മറ്റ് ചെറിയ രേഖകള്‍ ഇല്ല എന്നുള്ള പേരില്‍ മാത്രം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം നിരസിക്കാന്‍ കഴിയില്ല

click me!