നാളെ യുപിഐ സേവനങ്ങൾ ലഭിക്കില്ല; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഈ ബാങ്ക്

By Web Team  |  First Published Aug 9, 2024, 6:09 PM IST

സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനുമായുള്ള  ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.


എച്ച്ഡിഎഫ്സി  ബാങ്കിന്റെ യുപിഐ സേവനം  നാളെ ശനിയാഴ്ച മൂന്ന് മണിക്കൂർ നേരത്തേക്ക് തടസ്സപ്പെടും. ഈ സമയത്ത് പേടിഎം, ജിപേ പോലുള്ള ആപ്പുകൾ വഴിയും ഒരു ഇടപാടും നടത്താൻ കഴിയില്ല. ഇ-മെയിലിലൂടെയും എസ്എംഎസിലൂടെയും ബാങ്ക് ഉപഭോക്താക്കളെ ഇതിനെക്കുറിച്ച് അറിയിക്കുന്നുണ്ട്. ഇതിന് പുറമേ  സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളിൽ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ ഇടപാടുകളൊന്നും സാധ്യമാകില്ല.
 
ഓഗസ്റ്റ് 10 ന് പുലർച്ചെ 02:30 മുതൽ പുലർച്ചെ 05:30 വരെ ബാങ്കിന്റെ സിസ്റ്റത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഇമെയിൽ വഴി ഉപഭോക്താക്കളെ അറിയിച്ചു.ശ്രീറാം ഫിനാൻസ്, മൊബിക്വിക്ക് തുടങ്ങിയ എച്ച്ഡിഎഫ്സി  ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ ബാങ്കിംഗ് ആപ്പുകളിലും ഈ സമയത്ത് ഒരു ഇടപാടും നടത്താനാകില്ല. സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനുമായുള്ള  ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.

നിലവിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്കുമായി ബന്ധിപ്പിച്ച യുപിഐ വഴി ഒരു ദിവസം ഒരു ലക്ഷം രൂപ വരെ ഇടപാട് നടത്താൻ അനുമതിയുണ്ട്. 24 മണിക്കൂറിനുള്ളിൽ 20 ഇടപാടുകൾ വരെ ചെയ്യാനും ഇവർക്ക് സാധിക്കും. നേരത്തെ, ഓഗസ്റ്റ് 4 നും സിസ്റ്റം അപ്‌ഡേറ്റ് കാരണം ബാങ്ക് യുപിഐ സേവനങ്ങൾ 3 മണിക്കൂർ നിർത്തി വച്ചിരുന്നു. ജൂലൈ 4, ജൂലൈ 13 തീയതികളിലും, ബാങ്കിന്റെ അപ്ഗ്രേഡേഷൻ കാരണം യുപിഐ ഉൾപ്പെടെയുള്ള സേവനങ്ങൾ കുറച്ചു സമയം നിർത്തിയിരുന്നു.

Latest Videos

click me!