1.6 ലക്ഷം കോടി കവിഞ്ഞ് മാർച്ചിലെ ജിഎസ്ടി കളക്ഷൻ; 2023 ലെ വരുമാനം 22 ശതമാനം കൂടുതൽ

By Web Team  |  First Published Apr 1, 2023, 6:15 PM IST

 ജിഎസ്ടി വരുമാനം 12 മാസമായി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ജിഎസ്ടി ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടന്നു


ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ മാർച്ചിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിലെ റെക്കോർഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് മാർച്ചിലെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം. 

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രതിമാസ ജിഎസ്ടി വരുമാനം ഇപ്പോൾ തുടർച്ചയായി 12 മാസമായി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ജിഎസ്ടി ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടന്നതായി മാർച്ചിലെ കണക്കുകൾ കാണിക്കുന്നു.

Latest Videos

undefined

2022 - 23  സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് മൊത്തം ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി കടന്നത്. അന്തർസംസ്ഥാന വിൽപ്പനയിൽ നിന്നുള്ള വരുമാനം തീർപ്പാക്കിയ ശേഷം, 2023 മാർച്ചിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 62,954 കോടിയും 65,501 കോടിയുമാണ്.
 
2023 മാർച്ചിലെ ജിഎസ്ടി വരുമാനം, ഒരു വർഷം മുമ്പ് ഇതേ മാസത്തെ ജിഎസ്ടി വരുമാനതത്തേക്കാൾ  13 ശതമാനം കൂടുതലാണ്. ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഉണ്ടായ വരുമാനത്തേക്കാൾ 14 ശതമാനം കൂടുതലാണ് ഇതെന്നും മന്ത്രാലയം അറിയിച്ചു.

മാർച്ചിലെ ജിഎസ്ടി റിട്ടേൺ ഫയലിംഗ് എക്കാലത്തെയും ഉയർന്ന നിരക്കാണ്. 2022-23 ലെ മൊത്തം മൊത്ത ശേഖരം 18.10 ലക്ഷം കോടിയാണ്. മുഴുവൻ വർഷത്തെ ശരാശരി മൊത്ത പ്രതിമാസ കളക്ഷൻ 1.51 ലക്ഷം കോടിയാണ്. 2022-23 ലെ മൊത്ത ജിഎസ്ടി വരുമാനം മുൻവർഷത്തേക്കാൾ 22 ശതമാനം കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു.
 

tags
click me!