ജിഎസ്ടി കൗൺസിൽ യോഗം നാളെ; ഫുഡ് ഡെലിവറി ആപ്പുകളുടെ നികുതി കുറച്ചേക്കും

By Web Team  |  First Published Dec 20, 2024, 6:25 PM IST

സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കുന്നതും പരിഗണനയിലാണ്


ജിഎസ്ടി കൗണ്‍സിലിന്‍റെ 55-ാമത് യോഗം നാളെ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 148 ഇനങ്ങളുടെ നികുതി നിരക്കുകളില്‍ മാറ്റം വരുത്തിയേക്കും.  ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ നികുതി നിരക്ക് കുറയ്ക്കല്‍, വിലകൂടിയ റിസ്റ്റ് വാച്ചുകള്‍, ഷൂസ്, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി നിരക്ക് വര്‍ധിപ്പിക്കല്‍ എന്നിവ ചര്‍ച്ചയ്ക്ക് വരും. ചില പ്രത്യേക ഇനങ്ങള്‍ക്ക് 35 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതും പരിഗണിക്കപ്പെടാം. പുകയില, സിഗരറ്റ്, കോള അടക്കമുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയ്ക്കാണ് 35% നികുതി ഏര്‍പ്പെടുത്തുന്നത്. ഇതോടെ സിഗരറ്റ്, പുകയില, കോളയടക്കമുള്ള പാനീയങ്ങള്‍ എന്നിവയുടെ വില വര്‍ദ്ധിക്കും. ഇവയുടെ ജി എസ് ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 35 ശതമാനം ആക്കുന്നതോടെയാണ് വില വര്‍ധിക്കുന്നത് .

ഇതിന് പുറമെ വിമാനങ്ങളുടെ ഇന്ധനം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കും. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കുന്നതും പരിഗണനയിലാണ്. 

Latest Videos

ഇലക്ട്രിക് വാഹനങ്ങള്‍ ഒഴികെയുള്ള ഉപയോഗിച്ച  ചെറിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ നികുതി നിലവിലുള്ള 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയില്‍ കൗണ്‍സില്‍ രൂപീകരിച്ച സമിതിയുടെ നവംബറില്‍ നടന്ന യോഗത്തില്‍ ടേം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പ്രീമിയം ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്നതിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനുപുറമെ, മുതിര്‍ന്ന പൗരന്മാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി അടയ്ക്കുന്ന പ്രീമിയം നികുതിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ ഒഴികെയുള്ള വ്യക്തികള്‍ 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സിനായി അടക്കുന്ന പ്രീമിയം ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വസ്ത്രങ്ങളുടെ നികുതി നിരക്കുകള്‍ യുക്തിസഹമാക്കാനും മന്ത്രിമാരുടെ സംഘം നിര്‍ദ്ദേശിച്ചു. 1,500 രൂപ വരെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടിയും 1,500 മുതല്‍ 10,000 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിയുമാണ്നിര്‍ദ്ദേശിച്ചിരിക്കുന്നത്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍ക്ക് 28 ശതമാനം നികുതി ചുമത്തും

tags
click me!