വിറ്റുപോയതിൽ 39 ശതമാനവും ചോക്ലേറ്റ് രുചിയിലുള്ള കോണ്ടം ആയിരുന്നു. 31 ശതമാനവും സ്ട്രോബെറി രുചിയിലുള്ളതും
പുതുവർഷ രാവിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് മുന്തിരി, കോണ്ടം, കോക്ക്, ചിപ്‌സ് തുടങ്ങിയവ. ഇന്ത്യയിലെ മുൻനിര ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സെപ്‌റ്റോ എന്നിവയിൽ നിന്നുള്ള കണക്കുകൾ ആണ് പുറത്തു വന്നത്, രാജ്യം ഒന്നാകെ ആഘോഷങ്ങൾ നിറഞ്ഞപ്പോൾ പാർട്ടിയിലെ അവശ്യസാധനങ്ങളായ ചിപ്‌സ്, ശീതളപാനീയങ്ങൾ, മിനറൽ വാട്ടർ എന്നിവയ്ക്ക് ഡിമാൻഡ് കൂടുതലായിരുന്നു. ബ്ലിങ്കിറ്റിൻ്റെ സിഇഒ അൽബിന്ദർ ദിൻഡ്‌സയും സ്വിഗ്ഗി, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൻ്റെ സഹസ്ഥാപകനായ ഫാനി കിഷൻ എയും, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്‌ത ഇനങ്ങളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ എക്‌സിൽ പങ്കുവെച്ചിരുന്നു
പാർട്ടിയിലേക്ക് ആവശ്യമായ ചിപ്‌സ്, കോക്ക്, എന്നിവയായിരുന്നു വൈകുന്നേരത്തെ ഡിമാന്റുള്ള സാധനങ്ങൾ. തൻ്റെ ഡെലിവറി എക്‌സിക്യൂട്ടീവുകൾ 2.3 ലക്ഷം പാക്കറ്റ് ആലു ഭുജിയയും 6,834 പാക്കറ്റ് ഐസ് ക്യൂബുകളും പുതുവർഷ രാവിൽ രാത്രി 8 മണി വരെ വിതരണം ചെയ്തതായി ബ്ലിങ്കിറ്റ് സഹസ്ഥാപകൻ അൽബിന്ദർ ദിൻഡ്‌സ പറഞ്ഞു. അതിനു ശേഷം കോണ്ടം ആയിരുന്നു താരം. വിറ്റുപോയതിൽ 39 ശതമാനവും ചോക്ലേറ്റ് രുചിയിലുള്ള കോണ്ടം ആയിരുന്നു. 31 ശതമാനവും സ്ട്രോബെറി രുചിയിലുള്ളതും 19 ശതമാനവും ബബിൾഗം രുചിയും ആയിരുന്നെന്ന് അൽബിന്ദർ ദിൻഡ്‌സ പറഞ്ഞു. വർഷത്തിൻ്റെ അവസാന ദിവസം മുന്തിരി ഓർഡർ ചെയ്യുന്ന ആളുകളുടെ എണ്ണം കണ്ട് ആശ്ചര്യപ്പെട്ടതായും അൽബിന്ദർ ദിൻഡ്‌സ എക്‌സിൽ കുറിച്ചു. 'ഇന്ന് പെട്ടെന്ന് മുന്തിരിക്ക് എന്താ ഇത്ര ഡിമാൻഡ്" രാവിലെ മുതൽ പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം ഓർഡർ ചെയ്ത സാധനങ്ങളിൽ ഒന്നാണിത്!" എന്നാണ് അദ്ദേഹം ട്വിറ്ററിൽ എഴുതിയത്.
അതേസമയം, സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ഒരു മിനിറ്റിൽ 853 ചിപ്‌സ് ഓർഡറുകൾ ആണ് വന്നത്. രാത്രി 7:41 ന് 119 കിലോ ഐസ് ആണ് ഡെലിവറി ചെയ്തത് എന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൻ്റെ സഹസ്ഥാപകനായ ഫാനി കിഷൻ എ പറഞ്ഞു. പുതുവർഷ രാവിൽ, ബിഗ്ബാസ്കറ്റിൽ, നോൺ-ആൽക്കഹോളിക് പാനീയങ്ങളുടെ വിൽപ്പന 552 ശതമാനം വർധിച്ചു. ഡിസ്പോസിബിൾ കപ്പുകളുടെയും പ്ലേറ്റുകളുടെയും വിൽപ്പന 325 ശതമാനവും വർദ്ധിച്ചു. പായസം, മോക്‌ടെയിൽ വിൽപ്പനയിലും 200 ശതമാനം വർധനവുണ്ടായി.