ഡിജിറ്റൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം, വിദേശനിക്ഷേപം 26% മാത്രം, മാർഗരേഖയായി

By Web Team  |  First Published Nov 16, 2020, 5:15 PM IST

ഡയറക്ടർ ബോർഡിലുള്ളവരും സിഇഒയും അടക്കമുള്ളവർ ഇന്ത്യൻ പൗരൻമാരാകണം എന്നതടക്കം കർശന നിയന്ത്രണങ്ങളാണ് കേന്ദ്രവാർത്താവിതരണ മന്ത്രാലയം പുറത്തുവിട്ട മാർഗരേഖയിലുള്ളത്. 


ദില്ലി: രാജ്യത്തെ ഡിജിറ്റൽ വാർത്താ, മാധ്യമസ്ഥാപനങ്ങൾക്ക് വിദേശനിക്ഷേപത്തിലടക്കം പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. 26 ശതമാനത്തിൽക്കൂടുതൽ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങൾ അത് കുറയ്ക്കണം. ഒരു വർഷത്തിനകം, അതായത് ഒക്ടോബർ 2021-നകം, 26 ശതമാനത്തിൽക്കൂടുതൽ എത്ര വിദേശനിക്ഷേപം സ്വീകരിച്ചോ അതെല്ലാം ഡിജിറ്റൽ മാധ്യമങ്ങൾ തിരികെ നൽകണം. ഇന്ത്യൻ പൗരൻമാർ മാത്രമേ, ഡയറക്ടർ ബോർഡിലും സിഇഒ പോലുള്ള സുപ്രധാനസ്ഥാനങ്ങളിലും നിയമിക്കപ്പെടാവൂ എന്നതുൾപ്പടെ സുപ്രധാനചട്ടങ്ങളടങ്ങിയ മാർഗരേഖ കേന്ദ്രവാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി. അന്താരാഷ്ട്ര മാധ്യമദിനത്തിലാണ് മാർഗരേഖ സർക്കാർ പുറത്തുവിട്ടത്. 

ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങളെല്ലാം ഒരു മാസത്തിനകം ഷെയർഹോൾഡിംഗ് പാറ്റേൺ കൃത്യമായി കേന്ദ്രസർക്കാരിന് സമർപ്പിക്കണം. ഡയറക്ടർമാർ, പ്രൊമോട്ടർമാർ, ഷെയർഹോൾഡേഴ്സ് എന്നിവ ആരെല്ലാം എന്നത് കൃത്യമായി അറിയിക്കണം. 26 ശതമാനത്തിൽക്കൂടുതൽ എത്ര ഷെയറുകൾ വാങ്ങി എന്നതടക്കം വിശദമായി അറിയിക്കണം. 26 ശതമാനത്തിൽക്കൂടുതൽ ഷെയറുകൾ വിറ്റഴിച്ചെങ്കിൽ ആ നിക്ഷേപം കുറയ്ക്കാനുള്ള എന്തെല്ലാം നടപടികൾ സ്വീകരിച്ചതെന്നതിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ഇതിന് കേന്ദ്രവാർത്താവിതരണമന്ത്രാലയത്തിന്‍റെ അനുമതി വാങ്ങണം - കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Latest Videos

undefined

ഡിജിറ്റൽ മാധ്യമങ്ങളിലെ വിദേശനിക്ഷേപ പരിധി 26 ശതമാനമാക്കി ചുരുക്കിയ കേന്ദ്രമന്ത്രിസഭാതീരുമാനം വന്ന് ഒരു വർഷത്തിന് ശേഷമാണ്, ഈ തീരുമാനം നടപ്പാക്കാനുള്ള മാർഗരേഖ പുറത്തുവരുന്നത്. വാർത്തകൾ സംപ്രേഷണം ചെയ്യുന്ന, സ്ട്രീം ചെയ്യുന്ന എല്ലാ വാർത്താ ഡിജിറ്റൽ മാധ്യമങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. 

വിദേശനിക്ഷേപം സ്വീകരിക്കാനാഗ്രഹിക്കുന്ന ഒരു വാർത്താ മാധ്യമം ഇനി കേന്ദ്രസർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണം. DPIIT- വെബ്സൈറ്റ് വഴി ഇതിന് കൃത്യമായി അപേക്ഷ നൽകണം.

ഡിജിറ്റൽ മാധ്യമങ്ങളിൽ ഏതെങ്കിലും സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുന്ന വിദേശപൗരൻ 60 ദിവസത്തിലധികം ആ സ്ഥാപനത്തിനായി ജോലി ചെയ്യുന്നുണ്ടെങ്കിൽ, കേന്ദ്രസർക്കാരിൽ നിന്ന് സെക്യൂരിറ്റി ക്ലിയറൻസ് വാങ്ങിയിരിക്കണം. കൺസൾട്ടൻസി വഴിയോ, സ്ഥിരനിയമനമായോ, കോൺട്രാക്ട് ആയോ നിയമിതനായ ഏത് വിദേശപൗരനും ഈ നിയന്ത്രണം ബാധകമാണ്. ഇങ്ങനെ നിയമനം നടക്കുന്നതിന് മുമ്പേ സെക്യൂരിറ്റി ക്ലിയറൻസ് വാങ്ങിയിരിക്കണം. നിയമനം നടത്തുന്നതിന് 60 ദിവസം മുമ്പേ സെക്യൂരിറ്റി ക്ലിയറൻസ് വാങ്ങണമെന്നാണ് ചട്ടം പറയുന്നത്. ഈ നിയമനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിൽ നിയമനം നടത്താനും പാടില്ലെന്നും ചട്ടത്തിൽ അനുശാസിക്കുന്നു. 

click me!