ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കുന്നതിലൂടെ സാധിക്കും എന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പ്രതീക്ഷ
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ സങ്കീര്‍ണ്ണത ഒഴിവാക്കി നടപടിക്രമങ്ങള്‍ പൂര്‍ണമായും ലളിതമാക്കുന്നതിനുള്ള സുപ്രധാനമായ പ്രഖ്യാപനം കേന്ദ്രബജറ്റില്‍ ഉണ്ടായേക്കുമെന്ന് സൂചന. ആദായനികുതിയില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ വരുത്തിയേക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നികുതി ദായകര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്ത പുറത്തുവരുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സാങ്കേതിക പദങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും വിവരങ്ങള്‍ കൂടുതല്‍ യുക്തിസഹമാക്കുകയും ചെയ്യുന്നതും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് കേന്ദ്രസര്‍ക്കാറിന്‍റെ മുന്നിലുള്ളത്. ആദായനികുതി അടയ്ക്കുന്നതിലെ സങ്കീര്‍ണത കാരണം ഏതാണ്ട് 10 ലക്ഷം കോടി രൂപയുടെ തുകയുമായി ബന്ധപ്പെട്ടുള്ള നികുതി തര്‍ക്കങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കുന്നതിലൂടെ സാധിക്കും എന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പ്രതീക്ഷ.
1961ലെ ആദായനികുതി നിയമത്തിന്‍റെ പരിഷ്കരണത്തിന് അന്തിമരൂപം നല്‍കി വരുകയാണെന്നാണ് സൂചന. ജനുവരി പകുതിയോടെ പൊതുജനാഭിപ്രായത്തിനായി ഇത് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഒന്നാം തീയതി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തും. നികുതി ദായകരുടെ മേലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നതിനും നിയമങ്ങള്‍ നികുതി ദായകര്‍ക്ക് അനുയോജ്യമാക്കുന്നതിനുള്ള നിയമനിര്‍മ്മാണതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.
നിര്‍ദ്ദിഷ്ട മാറ്റങ്ങളില്‍ ചിലത്
സങ്കീര്‍ണ്ണമായ വരുമാന കണക്കുകൂട്ടല്‍ ഫോര്‍മുലകള്‍ ഉപയോഗിച്ച് ലളിതമാക്കും
അസസ്മെന്‍റ് വര്‍ഷം സാമ്പത്തിക വര്‍ഷം എന്നിങ്ങനെയുള്ള വിഭജനം ഇല്ലാതാക്കിയേക്കും
എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനായി സമാന നികുതിദായകരുടെ മാതൃകകള്‍ നല്‍കും
നികുതിദായകര്‍ അവരുടെ നികുതി റിട്ടേണുകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട അധിക ഫോമുകളുടെ എണ്ണം കുറയ്ക്കുകയും അവ ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്യും
വ്യക്തിഗത നികുതിദായകരുടെ നികുതിഭാരം കുറയ്ക്കുന്നതിനും ലളിതമാക്കുന്നതിനും പുതിയ നികുതി വ്യവസ്ഥയില്‍ നിരവധി മാറ്റങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള സൂചനകളുമുണ്ട്. ആദായ നികുതി ഇളവ് പരിധി ഏഴു ലക്ഷം രൂപയില്‍ നിന്ന് 8 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയി ഉയര്‍ത്താനും സാധ്യതയുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.