മൂന്നുലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരുടെ ആദായനികുതി നിരക്കിൽ കുറവ് വരുത്താനാണ് സാധ്യത
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ ആദായ നികുതി നിരക്കിൽ കാര്യമായ മാറ്റം വരുത്തിയേക്കും എന്നുള്ള സൂചനകൾ ശക്തമാകുന്നു. വിവിധ സ്ലാബുകളിൽ ഉള്ള ആദായ നികുതി നിരക്കിൽ ഇളവ് നൽകാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരുടെ ആദായനികുതി നിരക്കിൽ കുറവ് വരുത്താനാണ് സാധ്യത. ലക്ഷക്കണക്കിന് ആദായ നികുതി ദായകർക്ക് ഇത് ഗുണം ചെയ്യും. ആളുകളുടെ ഉപഭോഗത്തിൽ കാര്യമായ കുറവ് വരുന്ന സാഹചര്യത്തിലാണ് നികുതി കുറയ്ക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. പ്രത്യേകിച്ച് നഗര കേന്ദ്രീകൃത ഉപഭോഗത്തിൽ കാര്യമായി ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുന്നതോടുകൂടി ആ തുക ഉപഭോഗത്തിന് ആളുകൾ നീക്കി വയ്ക്കും എന്നാണ് പ്രതീക്ഷ.
നിലവിൽ മൂന്ന് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 5% മുതൽ 20% വരെയാണ് ആദായനികുതി നിരക്ക്. അതിനുള്ള മുകളിൽ വരുമാനമുള്ളവർക്ക് 30% ആണ് നികുതി. ആദായനികുതിയിൽ എത്ര ശതമാനം ഇളവാണ് നൽകുക എന്നത് സംബന്ധിച്ച് സൂചനകൾ ഒന്നുമില്ല. ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടു മുൻപായിരിക്കും എത്ര നികുതി കുറയ്ക്കണം എന്ന കാര്യത്തിൽ തീരുമാനമാകുക എന്നാണ് സൂചന. കേന്ദ്രസർക്കാരോ, ധന മന്ത്രാലയമോ ഇതു സംബന്ധിച്ചുള്ള സൂചനകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. പുതിയ നികുതി സമ്പ്രദായം സ്വീകരിക്കുന്നവർക്ക് ആയിരിക്കും നികുതി ഇളവ് നൽകുക എന്നാണ് സൂചന. പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ നികുതി സ്ലാബില്‍ മാത്രം ആദായ നികുതി ഇളവുണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
2024-ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ നികുതി വ്യവസ്ഥയില്‍ ആദായനികുതി സ്ലാബുകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.