സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാൻ കുറുക്കുവഴിയുമായി സര്‍ക്കാര്‍; ഓഡിറ്റ് വ്യവസ്ഥയിൽ ഇളവ്

By Web Team  |  First Published Jul 30, 2022, 1:28 PM IST

ഓഡിറ്റ് വ്യവസ്ഥയിൽ ഇളവു വരുത്തി സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. കുടിശ്ശികയുള്ള വായ്പകളുടെ കരുതൽ തുക കുറച്ച് കാണിക്കാനാണ് നിര്‍ദ്ദേശം.
 


തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാൻ കുറുക്കുവഴിയുമായി സര്‍ക്കാര്‍. ഓഡിറ്റ് വ്യവസ്ഥയിൽ ഇളവു വരുത്തി സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. കുടിശ്ശികയുള്ള വായ്പകളുടെ കരുതൽ തുക കുറച്ച് കാണിക്കാനാണ് നിര്‍ദ്ദേശം.

അനുവദിച്ച വായ്പ കുടിശികയാകുമ്പോൾ വായ്പകളുടെ നിശ്ചിത ശതമാനം സഹകരണ ബാങ്കുകൾ ലാഭത്തിൽ നിന്ന് കരുതലായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെ സൂക്ഷിക്കേണ്ട കരുതൽ തുകയിലാണ് കൊവിഡ് കാല പ്രതിസന്ധികളുടെ പേര് പറഞ്ഞാണ്സര്‍ക്കാര്‍ ഇളവ്. മൂന്ന് വര്‍ഷം മുതൽ ആറ് വര്‍ഷം വരെ കുടിശകയായ ആള്‍ക്ക് ജാമ്യ വായ്പകളുടെ കരുതൽ 100 ശതമാനത്തിൽ നിന്ന് 80 ശതമാനം ആക്കി. മൂന്ന് വര്‍ഷം മുതൽ ആറ് വര്‍ഷം വരെ കുടിശികയായ വായ്പകളുടെ കരുതൽ 50 ശതമാനത്തിൽ നിന്ന് 30ക്കി. ഒരു വര്‍ഷം മുതൽ 3 വര്‍ഷം വരെ കുടിശികയായ വായ്പയുടെ കരുതൽ 10 ശതമാനമായിരുന്നത് ഏഴരയാക്കി കുറച്ചു. 

Latest Videos

ഓഡിറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശമെന്ന നിലയിൽ ഈ മാസം 12 നാണ് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് മുതൽ നിക്ഷേപ തുക തിരിച്ച് കൊടുക്കാൻ പോലും കഴിയാതെ പ്രതിസന്ധിയിലായ സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ എണ്ണം വരെ പുറത്ത് വരുന്നതിനിടെയാണ് സഹകരണ ബാങ്കുകൾ പ്രവര്‍ത്തന ലാഭത്തിലെന്ന് കണക്കിൽ കൂട്ടാനുള്ള സര്‍ക്കാര്‍ നടപടി.  

Read Also: താമരക്കുടി ബാങ്ക് തട്ടിപ്പ്: 10 കൊല്ലം മുമ്പ് നടന്നത് 12 കോടിയുടെ തട്ടിപ്പ്, ഇതുവരെ പണം തിരികെ കിട്ടിയില്ല

സഹകരണ മേഖലയിൽ റിസ്ക് ഫണ്ട് കൂട്ടുമെന്ന് മന്ത്രി വി.എൻ.വാസവൻ 

സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂർ സ്വദേശി ഫിലോമിന ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചർച്ചയായതിന് പിന്നാലെയാണ് നടപടി. കരുവന്നൂരിൽ നടന്നത് വലിയ തട്ടിപ്പാണെന്ന് മന്ത്രി പറഞ്ഞു. അന്വേഷണവും നടപടികളും നന്നായി നടക്കുന്നു. കുറ്റക്കാരെ ആരേയും സംരക്ഷിക്കില്ല. കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സഹകരണ മന്ത്രി പറഞ്ഞു. ഒരു സഹകരണ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പൊതുവൽക്കരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകർക്കാനാകില്ല. അത്രയും ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖലയെന്നും വി.എൻ.വാസവൻ വ്യക്തമാക്കി. 

Read Also: സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികൾ സിപിഎം നേതാക്കൾ: കെ സുരേന്ദ്രന്‍

click me!