ഉടനടി വായ്പ, ഗോൾഡ് ലോൺ സൂപ്പറാണ്; പലിശ നിരക്ക് കുറഞ്ഞ 5 ബാങ്കുകൾ ഇതാ

By Web Team  |  First Published May 4, 2024, 6:59 PM IST

സ്വർണ്ണ പണയവായ്പകൾക്ക്   ആകർഷകമായ  പലിശനിരക്കുകളും സേവനങ്ങളുമായി ധനകാര്യസ്ഥാപനങ്ങളും മത്സരത്തിലാണ്.


ടനടി പണം ആവശ്യമായി വന്നാൽ കയ്യിലുള്ള സ്വർണ്ണം പണയം വെയ്ക്കാമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. സ്വർണ്ണവിലയും കൂടിയതോടെ ഇന്ന് ആവശ്യക്കാർ കൂടുതലുളള റീട്ടെയിൽ ലോൺ ആണ് സ്വർണ്ണപണയ വായ്പകൾ. സ്വർണ്ണ പണയവായ്പകൾക്ക്   ആകർഷകമായ  പലിശനിരക്കുകളും സേവനങ്ങളുമായി ധനകാര്യസ്ഥാപനങ്ങളും മത്സരത്തിലാണ്.

മറ്റു ലോണുകളെ അപേക്ഷിച്ച് വായ്പയ്ക്ക്, കുറഞ്ഞ ഡോക്യുമെന്റേഷനുകൾ മതി എന്നതും, തിരിച്ചടവിന് സുപരിചിതമായ വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയും ചെയ്യാമെന്നതും ഗോൾഡ്  ലോണുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. ഈടായി സ്വർണം നൽകിയിട്ടുള്ളതിനാൽ, സുരക്ഷിത വായ്പകളുടെ കൂട്ടത്തിലാണ് ഇവയെ കണക്കാക്കുന്നത്. മാത്രമല്ല മിനുറ്റുകൾക്കുള്ളിൽ സ്വർണ്ണം പണയം വെച്ച് പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ധനകാര്യസ്ഥാപനങ്ങളും നിലവിലുണ്ട്.  സ്വർണ്ണവായ്പകളുടെ പലിശനിരക്കുകൾ ഓരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കും, വായ്പയുടെ മൂല്യത്തിലും വ്യത്യാസമുണ്ട്. ഉപഭോക്താവിന് കുറഞ്ഞനിരക്കിൽ സ്വർണ്ണ വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന അഞ്ച് ബാങ്കുകളിതാ..

എച്ച്ഡിഎഫ്സി ബാങ്ക് :സ്വർണ വായ്പകൾക്ക്  9 ശതമാനം മുതൽ 17.65 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു. 1 ശതമാനം പ്രൊസസിംഗ് ഫീസും  ഈടാക്കുന്നുണ്ട്.

കൊട്ടക് മഹീന്ദ്ര ബാങ്ക് : ഗോൾഡ് ലോണിന് 9 ശതമാനം മുതൽ 24 ശതമാനം വരെ പലിശ ഈടാക്കുന്നു.  മാത്രമല്ല, 2 ശതമാനം പ്രൊസസിംഗ് ഫീസും ജിഎസ്ടിയും ഈടാക്കുന്നുണ്ട്.

സൗത്ത് ഇന്ത്യൻ ബാങ്ക്: ഗോൾഡ് ലോണിന്  14.80 ശതമാനം മുതൽ 15.05 ശതമാനം വരെ പലിശ ഈടാക്കുന്നു. വായ്പ തുകയ്ക്ക്  പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നില്ല

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ :ഗോൾഡ് ലോണിന് 8.45 ശതമാനം മുതൽ  8.55 ശതമാനം വരെ പലിശ ഈടാക്കുന്നു,  കൂടാതെ  വായ്പ തുകയുടെ 0.5 ശതമാനം പ്രോസസ്സിംഗ് ഫീയും ഈടാക്കും.

ഫെഡറൽ ബാങ്ക് :ഗോൾഡ് ലോണി്ന് 8.99 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സ്വർണ്ണവില അടിക്കടി കൂടുന്നതോടെ , ഉപയോഗിക്കുന്നതിലും കൂടുതൽ സ്വർണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നവരുടെ എണ്ണവും രാജ്യത്ത് കൂടിയിട്ടുണ്ട്. പലപ്പോഴും വ്യക്തിഗത ആവശ്യങ്ങൾക്കും, ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെ പണത്തിന്റെ ആവശ്യം വന്നാൽ ഗോൾഡ്‌ ലോണിനെ ആശ്രയിക്കുക എന്നത് ഏറ്റവും എളുപ്പമുള്ള മാർഗങ്ങളിലൊന്നു തന്നെയാണ്. എന്നാൽ സ്വർണ്ണം പണയം വെയ്ക്കുന്നതിന് മുൻപായി ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1. പണയം വയ്ക്കുന്ന സ്വർണത്തിന്റെ അളവും പരിശുദ്ധിയും അനുസരിച്ചാണ് ധനകാര്യ സ്ഥാപനങ്ങൾ വായ്പാ തുക നിർണയിക്കുക.

2. സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് വായ്പാദാതാവ് വായ്പ തുക കണക്കാക്കുന്നത്

3. ഈടായി നൽകുന്ന സ്വർണത്തിന്റെ 75 ശതമാനം മുതൽ 90 ശതമാനം വരെയുള്ള തൂക്കത്തിന് ആനുപാതികമായ തുകയാകും വായ്പയായി പൊതുവേ ബാങ്കുകൾ അനുവദിക്കാറുള്ളത്

Latest Videos

4. പണയം വെയ്ക്കുന്നതിന് മുമ്പ്, സ്വർണവായ്പകൾക്കായി വിവിധ വായ്പക്കാർ ഈടാക്കുന്ന പലിശനിരക്ക് നിങ്ങൾ  പരിശോധിക്കേണ്ടതാണ്.

5. നിങ്ങളുടെ സ്വർണ്ണ വായ്പയ്ക്ക്, നിങ്ങൾ അനുയോജ്യമായ തിരിച്ചടവ് കാലയളവ് തിരഞ്ഞെടുക്കണം

6. പലിശ നിരക്കിന് പുറമേ, നിങ്ങളുടെ സ്വർണ്ണ വായ്പയ്ക്ക് വായ്പ നൽകുന്നവർ മറ്റ് ഫീസുകളും ഈടാക്കിയേക്കാം. പ്രോസസ്സിംഗ്, പേപ്പർവർക്കുകൾ, ഇഎംഐ ബൗൺസുകൾ, ലോണുകളുടെ വൈകിയുള്ള പേയ്മെന്റുകൾ തുടങ്ങിയവയ്ക്കുള്ള നിരക്കുകൾ അവയിൽ ഉൾപ്പെടാം

click me!